ADMന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പൂർണ വിവരങ്ങൾ പുറത്ത് ; മൃതദേഹം തണുത്ത അറയില്‍ സൂക്ഷിച്ചില്ല

കണ്ണൂ‍ർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ പൂർണ രൂപം പുറത്ത്. തൂങ്ങി മരണം തന്നെയാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഒക്ടോബർ 15ന് 12.40 നും 1.50 നും ഇടയിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. ആന്തരികാവയങ്ങൾ രാസ പരിശോധനയ്ക്ക് അയച്ചിട്ടില്ല. അതേ സമയം ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടോ, ഇല്ലയോ എന്നത് സംബന്ധിച്ച് റിപ്പോർട്ടിൽ സൂചനയില്ല. മൃതദേഹം തണുത്ത അറയിൽ സൂക്ഷിച്ചിരുന്നില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

നവീൻ ബാബുവിൻ്റെ ശരീരത്തിൽ പരിക്കുകളില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ പൂര്‍ണ രൂപത്തില്‍ പറയുന്നത്. ”തലയോട്ടിക്കും വാരിയെല്ലുകൾക്കും സുഷുമ്നാ നാഡിക്കും മൂക്ക്, വായ, ചെവി എന്നിവയ്ക്കും ക്ഷതമില്ല.
കണ്ണുകൾ അടഞ്ഞിരിക്കുകയായിരുന്നു. പേശികൾക്കും പ്രധാന രക്തക്കുഴലുകൾക്കും തരുണാസ്ഥി, കശേരുക്കൾ എന്നിവയ്ക്കും പരിക്കില്ല. അന്നനാളം സാധാരണ നിലയിലായിരുന്നു. വയറും മൂത്രാശയവും ശൂന്യമായിരുന്നു.
വിരലിലെ നഖങ്ങൾക്കും ചുണ്ടിനും നീല നിറമായിരുന്നു, പല്ലുകൾക്കും മോണകൾക്കും കേടില്ല, നാവ് കടിച്ചിരുന്നു. ശരീരം അഴുകിയതിൻ്റെ ലക്ഷണങ്ങളില്ല” ഇങ്ങനെയാണ് പോസ്റ്റ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകള്‍.