തിരുവനന്തപുരം: വഞ്ചിയൂര്‍ ജങ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി സിപിഎമ്മിന്റെ ഏരിയ സമ്മേളനത്തിന് വേദിയൊരുക്കിയതില്‍ കേസെടുത്ത് പോലീസ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനാണ് കണ്ടാലറിയാവുന്ന 500ഓളം പേര്‍ക്കെതിരെ കേസെടുത്തത്. അനധികൃത സംഘം ചേരല്‍, ഗതാഗത തടസ്സം, പോലീസിനോട് അപമര്യാദയായി പെരുമാറല്‍ എന്നിവയ്ക്കാണ് കേസ്. ഏറെ വിമര്‍ശനം വിളിച്ചു വരുത്തിയ പാര്‍ട്ടി നടപടിയില്‍
വഞ്ചിയൂര്‍ പോലീസാണ് സ്വമേധയാ കേസെടുത്തത്.
വഞ്ചിയൂര്‍ കോടതിയുടെ സമീപത്തുള്ള റോഡിലാണ് ഇന്നലെ ഏരിയ സമ്മേളനത്തിനായി വേദി ഒരുക്കിയത്. നടുറോട്ടിലെ വേദി കാരണം ആംബുലന്‍സുകളും സ്‌കൂള്‍ വാഹനങ്ങളും ഉള്‍പ്പെടെയുള്ളവ ഗതാഗതക്കുരുക്കില്‍ പെട്ടിരുന്നു. അതിനിടെ സമ്മേളന പരിപാടികള്‍ നടത്താന്‍ മാത്രമാണ് സിപിഎം അനുമതി വാങ്ങിയതെന്നും നടുറോഡില്‍ സ്‌റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. വഞ്ചിയൂര്‍ ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂര്‍ണമായും അടച്ചാണ് വേദിയൊരുക്കിയത്.
റോഡിലെ ഗതാഗതം നിയന്ത്രിക്കാനായി അന്‍പതോളം പോലീസുകാരെ നിയോഗിച്ചിരുന്നെങ്കിലും വന്‍ ഗതാഗത കുരുക്കാണ് ഇന്നലെ ഇവിടെ രൂപപ്പെട്ടത്. പൊതു റോഡിലെ അന്യായ നടപടിയില്‍ ഏറെ വിമര്‍ശനം ഉയര്‍ന്നു വരികയും ചെയ്തിരുന്നു