തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിയെ ആയമാര്‍ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാർ ഉപദ്രവിക്കുമെന്നും ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് പതിവ് കാഴ്‌ചയാണെന്നും ശിശുക്ഷേമ സമിതി മുന്‍ ജീവനക്കാരി പറഞ്ഞു. പരാതി പറയുന്ന ആയമാർ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും അധികാരികളോട് പ്രശ്‌നം പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും അവര്‍ പറഞ്ഞു
അതേ സമയം കുറ്റം തെളിയാതിരിക്കാൻ പിടിയിലായ ആയമാർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ കുഞ്ഞിനെ നുള്ളിപ്പരിക്കേല്‍പ്പിച്ച നഖം വെട്ടിയാണ് മൂന്ന് ആയമാരും ഹാജരായത്. മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ശാസ്ത്രീയ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ ക്രൂരമായി ഉപദ്രവിച്ച കാര്യം ആയമാര്‍ അധികൃതരെ അറിയിക്കാതെ മറച്ച് വച്ചത് ഒരാഴ്ചയാണ്. കിടക്കയിൽ മൂത്രമൊഴിക്കുന്നത് പതിവാക്കിയതിനാണ് പീഡനം. അറസ്റ്റിലായ ആയമാർ നേരത്തെയും കുട്ടികളോട് മോശമായി പെരുമാറിയെങ്കിലും രാഷ്ട്രീയ ബന്ധം കാരണം ജോലിയിൽ തുടരുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.
പിൻഭാഗത്തും കൈയിലും സ്വകാര്യ ഭാഗത്തും ഉള്ള മുറിവുകളോടെയാണ് തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച കുഞ്ഞിനെ ചികിത്സക്കായി കൊണ്ടു പോയത്. ക്രൂരമായി മുറിവുകൾ ഏൽപ്പിച്ചിട്ടുണ്ടെന്ന ഡോക്ടറും അറിയിച്ചതിന് പിന്നാലെയാണ് ശിശുക്ഷേമ സമിതി അധികരുടെ പരാതിയിൽ പൊലീസ് കേസ് എടുത്തത്. സംഭവത്തിൽ 70 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി