5 കൂട്ടുകാരുടെ ജീവനെടുത്ത അപകടത്തിൽ അദ്ഭുതകരമായി രക്ഷപ്പെട്ടു ; വിറയല്‍ മാറാതെ ഷെയ്ൻ

ആലപ്പുഴ: നാട് ഒന്നാകെ കണ്ണീര്‍ വാര്‍ത്ത കളര്‍കോട് വാഹനാപകടത്തിൽ കാറിലുണ്ടായിരുന്ന 11 പേരില്‍ അഞ്ച് സുഹൃത്തുക്കള്‍ മരിച്ചു, അഞ്ചു പേര്‍ ആശുപത്രിയില്‍, പക്ഷെ പരിക്കേല്‍ക്കാതെ രക്ഷപെട്ട ഒരാളുണ്ട്. തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ന്‍ ഡെന്‍സ്റ്റന്‍. ദുരന്തമേല്‍പ്പിച്ച കനത്ത മാനസികാഘാതത്തെ തുടര്‍ന്ന് മിണ്ടാന്‍ പോലും ആവാതെ വിറങ്ങലിച്ച് നിൽക്കുകയാണ് ഷെയ്ന്‍

സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും ഷെയ്ന്‍ കാറിലുണ്ടായിരുന്നുവെന്ന് തിരിച്ചറിയാനായില്ല. രക്തത്തില്‍ കുളിച്ച് ജീവനറ്റ് കിടന്ന കൂട്ടുകാരെയും ഗുരുതരമായി പരുക്കേറ്റവരെയുമെടുത്ത് ആംബുലന്‍സും മറ്റ് വാഹനങ്ങളും ആശുപത്രിയിലേക്ക് കുതിച്ചു. കൂട്ടുകാരുടെ മരണത്തില്‍ തകര്‍ന്ന മനസുമായി പിന്നാലെ വന്നൊരു വാഹനത്തില്‍ കയറി ഹോസ്റ്റലിലേക്ക് തിരകെയെത്തിയ ഷെയ്ന്‍, ആരോടും ഒന്നും മിണ്ടാതെ മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു

ആശുപത്രിയില്‍ വെച്ച് വാഹനമോടിച്ച കുട്ടിയുടെ മൊഴിയെടുത്തതോടെയാണ് കാറില്‍ 11 പേരുണ്ടായിരുന്നുവെന്നും ഷെയ്നാണ് പതിനൊന്നാമനെന്നും തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ അപകടസ്ഥലത്തും ഹോസ്റ്റലിലും തിരഞ്ഞെത്തിയപ്പോഴാണ് ഷെയ്ന്‍ മുറിയില്‍ കതകടച്ചിരിക്കുന്നത് കണ്ടെത്തിയത്. അപകടത്തിന്‍റെ ഷോക്കിലാണെന്ന് മനസിലാക്കിയ സഹപാഠികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. നിലവില്‍ നിരീക്ഷണത്തിലാണ് ഷെയ്ന്‍