മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിൻ്റെ മൃതദേഹം വിട്ടു കിട്ടണമെന്ന മകൾ ആശ ലോറൻസിൻ്റെ അപ്പീലില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഡിവിഷൻ ബെഞ്ച്. മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നതുമായ ബന്ധപ്പെട്ട തർക്കത്തിൽ മധ്യസ്ഥനെ നിയോഗിക്കാൻ ഹൈക്കോടതി നിർദേശം നൽകി. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുക്കരുതെന്നും കുടുംബാംഗങ്ങൾ തമ്മിലുളള തർക്കം പരിഹരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് മധ്യസ്ഥനെ നിയോഗിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും മരിച്ചയാളോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വാദത്തിനിടെ പറഞ്ഞു.
എം എം ലോറൻസിന്‍റെ മക്കളായ ആശാ ലോറൻസും സുജാതയും സമർപ്പിച്ച ഹർജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. മധ്യസ്ഥതയ്ക്ക് ആരുവേണമെന്ന് അന്ന് തീരുമാനിച്ച് അറിയിക്കണമെന്നും ഹർജിക്കാരോട് നിർദേശിച്ചിട്ടുണ്ട്. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ട് നല്‍കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് മധ്യസ്ഥനെ നിയോഗിക്കാൻ നിർദ്ദേശിച്ചത്. ഇരുപക്ഷവും നിലപാട് അറിയിച്ച ശേഷമാകും കോടതി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
സെപ്റ്റംബർ 21ന് മരിച്ച എം എം ലോറൻസിൻ്റെ മൃതദേഹം ഇപ്പോഴും കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.ലോറൻസ് ഇടവക അംഗമാണെന്നും പള്ളിയിൽ സംസ്കരിക്കണമെന്നുമായിരുന്നു മകളായ ആശ ലോറന്‍സിന്റെ ആവശ്യം. എന്നാൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനു കൈമാറണമെന്ന് എം എം ലോറൻസ് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു എന്ന് മൂത്തമകൻ അഡ്വ എം എൽ സജീവനും രണ്ടാമത്തെ മകൾ സുജാതയും വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വിഷയം കോടതിയിലെത്തിയത്.