ആലപ്പുഴ: കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്‍റെ ആഘാതം കൂട്ടിയത് ഓവർലോഡ് ആണെന്ന് ആലപ്പുഴ ആർടിഒ മാധ്യമങ്ങളോട് പറഞ്ഞു. വീൽ ലോക്കായിരുന്നു, വണ്ടി സ്കിഡ് ആയി ഇടിച്ചതു കൊണ്ടാണ് ഡ്രൈവർ സേഫായത്, സ്കിഡാവാൻ മഴയും കാഴ്ചക്കുറവും പ്രധാന കാരണമായി, വണ്ടി ഓടിച്ചയാളുടെ ലൈസൻസും വണ്ടി ആരുടേതാണ് എന്നതുൾപ്പെടെ പരിശോധിക്കുമെന്നും ആര്‍ടിഒ പറഞ്ഞു. 7 സീറ്റ് വണ്ടിയില്‍ 11 പേരാണ് കയറിയത്. വാഹനത്തിന് ഇൻഷുറൻസ് ഉണ്ട്. 14 വർഷം പഴക്കമുള്ളതാണ് വണ്ടി. 5 പേർ പുറകിലുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ചിലപ്പോൾ മടിയിലൊക്കെയാവും ഇരുന്നിട്ടുണ്ടാവുക. അതെല്ലാം അപകടത്തിൻറെ ആഘാതം കൂട്ടി. കെഎസ്ആർടിസി ഡ്രൈവർക്ക് ബ്രേക്ക് പിടിക്കാനുള്ള ഗ്യാപ്പ് കിട്ടിയില്ലെന്നും ആര്‍ടിഒ കൂട്ടിച്ചേർത്തു.
മെഡിക്കൽ സ്വപ്നങ്ങൾക്ക് തുടക്കമിട്ട വണ്ടാനം മെഡിക്കല്‍ കോളേജ് ക്യാമ്പസ്സിലാണ് അഞ്ച് പേരുടെയും മൃതദേഹം പൊതുദർശനത്തിന് വച്ചത്. കണ്ടു നിൽക്കാനാകാതെ ബന്ധുക്കളും സഹപാഠികളും അധ്യാപകരും പൊട്ടിക്കരഞ്ഞു. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് ദാരുണമായ അപകടത്തിൽ മരിച്ചത്. മരിച്ച ദേവാനന്ദന്റെ രക്ഷിതാക്കൾ മെഡിക്കൽ കോളേജിൽ പൊതുദർശനം നടക്കുന്ന സ്ഥലത്തെത്തിയിരുന്നു. ഏക മകനാണ് ദേവനന്ദൻ. പൊതുദർശത്തിന് ശേഷം നാല് പേരുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകും. ലക്ഷദ്വീപ് വിദ്യാർഥിയുടെ കബറടക്കം എറണാകുളം ടൗൺ ജുമാ മസ്ജിദിൽ 3 മണിയോടെ നടക്കും
ഇന്നലെ രാത്രിയായിരുന്നു നാാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ അപകടം ഉണ്ടായത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിൽ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടവേര കാർ പൂർണമായും തകർന്നു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ കാറിൽ നിന്നും പുറത്തെടുക്കാനായത്