കൊച്ചി: ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തു വന്ന
ഇപി ജയരാജന്‍റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് പ്രസാധകന്‍ രവി ഡിസിയുടെ മൊഴിയെടുത്തു. ഇപി ജയരാജനുമായി ആത്മകഥ പ്രസിദ്ധീകരിക്കാൻ കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് രവി ഡിസി മൊഴി നൽകിയിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. കോട്ടയം ഡിവൈഎസ്‍പി കെജി അനീഷിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. മുൻ നിശ്ചയിച്ച പ്രകാരം രവി ഡിസി ഡിവൈഎസ്‍പി ഓഫീസിൽ ഹാജരാവുകയായിരുന്നു. മൊഴിയെടുപ്പ് രണ്ടു മണിക്കൂര്‍ നീണ്ടു. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് സമര്‍പ്പിക്കും.
തന്‍റെ ആത്മകഥ എന്ന പേരില്‍ തെറ്റായ കാര്യങ്ങൾ ഉൾപ്പെടുത്തി പ്രചരിപ്പിച്ചതിനെതിരെ ഇ പി ജയരാജന്‍ നിയമ നടപടി സ്വീകരിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇ പി ജയരാജനും ഡിസി ബുക്‌സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യമാണ് പ്രധാനമായും പൊലീസ് പരിശോധിച്ചത്. വിവാദത്തിൽ ഇ പി ജയരാജന്‍റെ മൊഴിയും കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥാ വിവാദം ഇപിയെയും സിപിഎമ്മിനെയും ഏറെ വെട്ടിലാക്കിയിരുന്നു. അതേ സമയം പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങൾ തൻ്റേതല്ലെന്നായിരുന്നു ജയരാജന്‍റെ വാദം. അതിനിടെ കരാറുണ്ടാക്കിയിട്ടില്ലെങ്കിൽ ഡി സി ബുക്സിന്‍റെ ഔദ്യോഗിക എഫ്ബി പേജില്‍ ഇപിയുടെ ആത്മകഥ ഉടന്‍ പ്രസിദ്ധീകരിക്കും എന്നറിയിച്ചു കൊണ്ടുള്ള പരസ്യം എങ്ങനെ വന്നു എന്ന ചോദ്യം അവശേഷിക്കുകയാണ്.