സതീശൻ ചെയ്യുന്നത് രാജ്യദ്രോഹം; എസ്ഡിപിഐയുടെ പേരിൽ പ്രത്യേക കേന്ദ്രങ്ങളിൽ പ്രചാരണം നടത്തുന്നുവെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സതീശൻ ചെയ്യുന്നത് രാജ്യദ്രോഹകുറ്റമാണെന്നും നിരോധിത ഭീകരവാദ സംഘടനയുമായി സതീശൻ ഉണ്ടാക്കിയ ധാരണയിൽ മറുപടി പറഞ്ഞില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. സതീശൻ എസ്ഡിപിഐയുടെ പേരിൽ പ്രത്യേക കേന്ദ്രങ്ങളിൽ പ്രചാരണം നടത്തുകയാണ്. ഭീകരവാദികളെ കൂട്ട് പിടിച്ച് പ്രചാരണം നടത്തുന്നത് തെളിഞ്ഞു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാൻ സതീശൻ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

സതീശന് കണ്ടക ശനിയാണ്. എസ്ഡിപിഐ നോട്ടീസിൻ്റെ പിതൃത്വം ആർക്കെന്ന് ചോദിച്ച സുരേന്ദ്രൻ പിഎഫ്ഐയും ജമാത്തെ ഇസ്ലാമിയും പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കോൺഗ്രസ് ഓഫീസിൽ നിറയെ എസ്ഡിപിഐക്കാർ ആണെന്നും ആരോപിച്ചു. വഖഫ് വിഷയത്തിൽ ഇരു മുന്നണികൾക്കും ഒരേ അഭിപ്രായമാണ്. കുടിയിറക്കപ്പെടുന്നവർക്ക് ഒപ്പം നിൽക്കുന്നില്ല. രാജ്യത്തെ ഒറ്റുകൊടുക്കുന്നവർക്ക് ഒപ്പമാണ് സതീശൻ നിൽക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി.