നടൻ ധനുഷ് പ്രതികാര ദാഹിയാണെന്ന് നയൻതാര. തനിക്കും ഭര്‍ത്താവ് വിഗ്നേശ് ശിവനുമെതിരെ ധനുഷ് പ്രതികാരം വീട്ടുന്നുവെന്നാണ് താര സുന്ദരിയുടെ ആരോപണം. നയൻതാരയുടെ കരിയറും വിവാഹവും ഉള്‍പ്പെടുത്തി നെറ്റ്ഫ്ളിക്സ് പുറത്തിറക്കുന്ന Nayanthara: Beyond the Fairy Tale എന്ന ഡോക്യുമെൻ്ററി വൈകിയതിന് പിന്നിൽ ധനുഷാണെന്ന് നയൻതാര ഇൻസ്റ്റ ഗ്രാമിലൂടെ പങ്കു വെച്ച കുറിപ്പില്‍ വെളിപ്പെടുത്തി. ഡോക്യുമെന്ററിയിൽ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ ചില രംഗങ്ങൾ ഉപയോഗിക്കുന്നതിന് ചിത്രത്തിന്റെ നിർമാതാവായ ധനുഷ് തടസം നിന്നു. ഇതിനാലാണ് രണ്ട് വർഷം നീണ്ട കാത്തിരിപ്പ് ഡോക്യുമെൻ്ററിയുടെ റിലീസിനായി വേണ്ടി വന്നതെന്ന് കുറിപ്പിൽ പറയുന്നു.
ഡോക്യുമെൻ്ററിയുടെ ട്രെയ്‌ലർ പുറത്ത് വന്നതിന് പിന്നാലെ ധനുഷ് 10 കോടി ആവശ്യപ്പെട്ട് നയൻതാരക്ക് വക്കീൽ നോട്ടീസ് അയച്ചു. നാനും റൗഡി താൻ സിനിമയുടെ ചിത്രീകരണ സമയത്ത് ചിലർ ഷൂട്ട് ചെയ്‌ത മൂന്ന് സെക്കന്റ് ദൈർഘ്യമുളള ലൊക്കേഷൻ ദൃശ്യങ്ങൾ ഡോക്യുമെൻ്ററിയിൽ ഉപയോഗിച്ചു എന്ന കാരണത്താലാണ് ധനുഷ് നോട്ടീസ് അയച്ചത്. ഇക്കാരണത്താൽ ചിത്രം റീ എഡിറ്റ് ചെയ്യേണ്ടതായി വന്നെന്നും നയൻതാര കുറിപ്പിൽ വ്യക്തമാക്കി.
നയൻതാരയുടെ സിനിമാ ജീവിതം പ്രമേയമാകുന്ന ഡോക്യുമെൻ്ററിയിൽ നാനും റൗഡി താൻ എന്ന ചിത്രത്തിലെ ചില ഭാഗങ്ങൾ ഉപയോഗിക്കുന്നതിനായി ധനുഷിനെ സമീപിച്ചിരുന്നെങ്കിലും ധനുഷ് എൻഒസി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) തരാൻ വിസമ്മതിക്കുകയായിരുന്നു. നടപടികൾക്ക് കാലതാമസം നേരിട്ടത് ഡോക്യുമെന്ററിയുടെ റിലീസിനെ ബാധിച്ചു. പല തവണ ആവശ്യപ്പെട്ടിട്ടും സിനിമയിലെ ചിത്രങ്ങൾ പോലും ഉപയോഗിക്കാൻ ധനുഷ് സമ്മതിച്ചില്ല – നയൻതാര വ്യക്തമാക്കി വിഘ്നനേശ് സംവിധാനം ചെയ്ത് നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൻ്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. 2022ലായിരുന്നു നയൻതാര-വിഗ്നേശ് വിവാഹം