കള്ളവോട്ട് ആരോപണം; ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഎം-കോൺഗ്രസ് സംഘർഷം

 

കോഴിക്കോട് ; കള്ളവോട്ട് ആരോപണത്തെ തുടർന്ന് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഎം-കോൺഗ്രസ് സംഘർഷം. വോട്ടെടുപ്പിനായി വോട്ടര്‍മാരെ എത്തിക്കുന്ന വാഹനത്തിന് നേരെ കല്ലേറും എം.കെ രാഘവന്‍ എം.പിയ്ക്ക് നേരെ കയ്യേറ്റവും ഉണ്ടായി. പി.എസ് ജയപ്രകാശിൻ്റെ വോട്ട് നേരത്തെ ചെയ്തുവെന്നാണ് ആരോപണം. വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് തൻ്റെ വോട്ട് നേരത്തെ ചെയ്തതായി പറഞ്ഞതെന്നും താൻ സ്ഥിരമായി കോൺഗ്രസ് ഔദ്യോഗിക പാനലിന് വോട്ട് ചെയ്യുന്ന ആളാണെന്നും ജയപ്രകാശ് പറഞ്ഞു.
പോലീസും കോൺഗ്രസ് നേതാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായി. പോലീസ് കള്ള വോട്ടിന് കൂട്ടുനിൽക്കുന്നു എന്നാണ് ആരോപണം

പറയഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ കനത്ത പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം പിന്തുണയോടെ മത്സരിക്കുന്നത്. 35000- നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണ് എങ്കിലും ബാങ്ക് ഭരണസമിതിയും പാര്‍ട്ടിയും കുറച്ചു കാലമായി തര്‍ക്കത്തിലാണ്