വക്കീൽ നോട്ടീസിന് മറുപടി നൽകിയില്ല, അൻവറിനെതിരെ പി ശശി 2 കോടതികളില്‍ ക്രിമിനൽ കേസ് ഫയല്‍ ചെയ്തു

കണ്ണൂര്‍; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പി വി അൻവർ പലപ്പോഴായി 16ഓളം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശശി അയച്ച വക്കീൽ നോട്ടീസിന് അൻവർ മറുപടി നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് ക്രിമിനൽ കേസ് ഫയൽ ചെയ്‌തത്. തലശ്ശേരി, കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലാണ് ഹർജികൾ നൽകിയത്.

പി വി അൻവറിന് പിന്നിൽ അധോലോക സംഘങ്ങളാണെന്ന് പി ശശി കോടതിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
” ഇതിന് പിന്നിൽ ഒരുപാട് അധോലോക സംഘങ്ങളുണ്ട്. കേരളത്തിലെ ഗവൺമെന്റിന്റെ അഴിമതി രഹിതമായ ജന നന്മ ഉയർത്തിക്കൊണ്ടുള്ള ഭരണത്തിന്റെ ഫലമായി നഷ്‌ടവും ക്ഷീണവും സംഭവിച്ച കുറേ അധോലോക സംഘങ്ങളുണ്ട്. ആ അധോലോക സംഘങ്ങളുടെയെല്ലാം പിൻബലം, ഗവൺമെന്റിനും മുഖ്യമന്ത്രിയ്ക്കുമെതിരെ ദുഷ്പ്രചരണം നടത്തുന്നവർക്ക് കിടിയെന്നും വന്നേയ്ക്കാം..’ – പി ശശി പറഞ്ഞു

”മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്ക് നേരെയുള്ള അക്രമം. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തിൽ നേട്ടമുണ്ടാകാത്ത ഒരു കുടുംബവും കേരളത്തിൽ ഇല്ല. സർക്കാരിനുള്ള പിന്തുണ കൂടുന്നു. ജനങ്ങളുടെ ശ്രദ്ധ ഇതിൽ നിന്ന് തിരിച്ചു വിടണം. ഇത് ചർച്ച ചെയ്താൽ LDFന് അല്ലാതെ ആരും വോട്ട് ചെയ്യില്ല. ഇതിനാണ് മറ്റു പലരുടെയും കയ്യിൽ കളിക്കുന്ന കരുക്കളായി നിൽക്കുന്ന ഇതു പോലുള്ള ആളുകൾ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്..”
പി ശശി വ്യക്തമാക്കി.