‘പന്നികളോട് ഗുസ്തി കൂടരുതെന്ന് ഞാന്‍ പണ്ടേ പഠിച്ചിട്ടുണ്ട്..’ സ്ഥലം മാറ്റത്തിന് പിന്നാലെ എഫ് ബി പോസ്റ്റുമായി സി ഐ ബിനുമോഹന്‍

കണ്ണൂര്‍; എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രതി ചേര്‍ക്കപ്പെട്ട പി പി ദിവ്യയുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളില്‍ കണ്ണൂര്‍ വിജിലന്‍സ് സിഐ ബിനു മോഹന് എതിരെയും ആരോപണം ഉയര്‍ന്നിരുന്നു.
കോണ്‍ഗ്രസും ബിജെപിയും ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ബിനു മോഹനെ ഇന്നലെ ന്യൂ മാഹി പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റത്തിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്

‘പന്നികളോട് ഒരിക്കലും ഗുസ്തി കൂടരുതെന്ന് ഞാന്‍ പണ്ടേ പഠിച്ചിട്ടുണ്ട്. നമ്മളുടെ ശരീരത്തില്‍ ചെളി പറ്റും. പന്നി അത് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും’, എന്ന ബെര്‍ണാഡ് ഷായുടെ പ്രശസ്തമായ വരികളാണ് ബിനു മോഹന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ എഫ് ബി പേജിന്‍റെ പ്രൊഫൈൽ ലോക്ക് ചെയ്ത നിലയിലായി

നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന ആരോപണം ഉന്നയിച്ച വിവാദ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് കണ്ണൂര്‍ വിജിലന്‍സ് സിഐ ആയ ബിനു മോഹനായിരുന്നു. ഇത് വഴി ദിവ്യയെ സഹായിക്കുന്ന നിലപാടാണ് ബിനു മോഹന്‍ സ്വീകരിച്ചതെന്നായിരുന്നു ഒരു ആരോപണം. കൂടാതെ ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരിക്കെ കോടികളുടെ കരാര്‍ കൈപ്പറ്റിയ ബിനാമി കമ്പനി എന്ന് ആരോപണം നേരിടുന്ന കാര്‍ട്ടണ്‍ കമ്പനിയുടെ ഡയറക്ടര്‍ ബിനു മോഹന്റെ സഹോദരനായ ബിജു മോഹനാണെന്നുള്ള ആരോപണവും ഉയര്‍ന്നിരുന്നു. ഇതിനാല്‍ എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് ബിനു മോഹന്‍ സ്വീകരിച്ചതെന്നായിരുന്നു വിമര്‍ശനം