മകനെ ഡ്രൈവിംഗ് ടെസറ്റിന് കൊണ്ടുവന്ന അച്ഛന് ലൈസന്‍സില്ല, 4 വകുപ്പുകള്‍ ചുമത്തി വന്‍ പിഴ

എറണാകുളം: കാക്കനാട് നടന്ന ഡ്രൈവിംഗ് ടെസ്റ്റിനിടെയായിരുന്നു വിചിത്ര സംഭവം. പച്ചാളം സ്വദേശി വി പി ആന്റണിക്കാണ് 9500 രൂപ പിഴ ചുമത്തിയത്. ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ മകന്റെ ഇ ചലാനില്‍ ചേര്‍ക്കാന്‍ പിതാവിന്‍റെ ലൈസന്‍സ് നമ്പര്‍ ചോദിച്ചപ്പോഴാണ് ലൈസന്‍സ് ഇല്ലെന്ന് വ്യക്തമായത്. ടെസ്റ്റ് ഗ്രൗണ്ടിലേക്ക് ഇരുചക്ര വാഹനത്തിലെത്തിയ മകന്‍ ഹെല്‍മറ്റ് ധരിക്കാതിരുന്നതിന് പിഴ ചുമത്തിയതിന് പിന്നാലെയാണ് ഈ സംഭവവും ഉണ്ടായത് . ലൈസന്‍സ് ഇല്ലെന്ന് വ്യക്തമായതോടെ നടത്തിയ പരിശോധനയില്‍ പൊല്യൂഷന്‍ പരിശോധനയുടെയും ഇന്‍ഷുറന്‍സിന്റെയും കാലാവധി അവസാനിച്ചതായും കണ്ടെത്തി.

തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നാല് വകുപ്പുകള്‍ ചേര്‍ത്താണ് പിഴ ചുമത്തിയിരിക്കുന്നത്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് 5000, പൊല്യൂഷന്‍ ഇല്ലാത്തതിന് 2000, പിന്നിലിരുന്നയാള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് 500, ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2000 എന്നിങ്ങനെയാണ് പിഴ ചുമത്തിയത്.