ഭാഗ്യചിഹ്നമായ കാറിന് സമാധി ഒരുക്കി കുടുംബം; സന്യാസിമാരടക്കം 1500ഓളം പേര്‍ സംസ്‌കാരത്തിനെത്തി

ഗുജറാത്തില്‍ നിന്നുള്ള ഈ കൗതുക വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച. അമരേലി ജില്ലയിലെ കര്‍ഷക കുടുംബമായ സഞ്ജയ് പൊളാരയും കുടുംബവുമാണ് കാറിനെ വില്‍ക്കാന്‍ മനസില്ലാത്തതിനാല്‍ സ്വന്തം കൃഷിയിടത്തില്‍ സംസ്‌കരിച്ചത്. 12 വര്‍ഷം മുമ്പ് വാങ്ങിയ ഈ കാറാണ് എല്ലാ ഐശ്വര്യവും തങ്ങള്‍ക്ക് നല്‍കിയതെന്നും അതിനാലാണ് ഇത്തരത്തിലൊരു സംസ്‌കാരം നടത്തിയതെന്നുമാണ് പൊളാര പറഞ്ഞത്.

15 അടി താഴ്ചയില്‍ കുഴിയെടുത്താണ് സംസ്കാരം. പൂക്കളും മാലകളും കൊണ്ടലങ്കരിച്ചതിന് പുറമേ സന്യാസിമാരും പുരോഹിതന്മാരും മന്ത്രോചാരണം നടത്തി. പച്ച തുണികൊണ്ടാണ് കാര്‍ മൂടിയത്. എസ്‌കവേറ്റര്‍ എത്തിച്ചാണ് മണ്ണിട്ട് മൂടിയത്. വാഗണ്‍ ആര്‍ കാറാണ് സംസ്‌കരിച്ചത്. നാലു ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് സംസ്കാര ചടങ്ങ് നടത്തിയത്. ഐശ്വര്യം കൊണ്ടു വന്ന കാറിനെ തങ്ങളുടെ പിന്‍തലമുറ മറക്കാതിരിക്കാന്‍ ഇവിടെ ഒരു മരം നട്ടു പിടിപ്പിക്കുമെന്ന് കുടുംബം അറിയിച്ചു