ചുരുളഴിയാത്ത കൊലപാതകം; പോലീസിന് തെളിവുകൾ നൽകിയത് ഈച്ചകൾ

ചുരുളഴിയാത്ത ഒരു കൊലപാതക കേസിന് നിർണ്ണായക തെളിവുകൾ നൽകിയത് ഈച്ചകൾ. തെളിവുകൾ ഒന്നും കിട്ടാതെ ബുദ്ധിമുട്ടിലായ പോലീസിന് കൊലപാതകി ആരാണെന്ന നിർണ്ണായക തെളിവുകളാണ് ഈച്ചകൾ നൽകിയത്

ഒക്‌ടോബർ 31ന് രാവിലെ മധ്യപ്രദേശിലെ ജബൽപൂരിലെ വയലിൽ ഒരു മൃതദേഹം കണ്ടെത്തി. വിശദമായ പരിശോധനയിൽ അത് ഒരു ദിവസം മുൻപ് കാണാതായതായി പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മനോജ് താക്കൂർ എന്ന
26 കാരന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഒക്‌ടോബർ 30 ന് രാത്രി അനന്തരവൻ ധരം സിങ്ങിനൊപ്പം മദ്യപിച്ച മനോജിനെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. പിറ്റേന്ന് നേരം പുലർന്നിട്ടും മനോജ് വീട്ടിലെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്

ഇയാളെ ജീവനോടെ അവസാനമായി കണ്ട അനന്തരവൻ ധരം സിംഗിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു. എന്നാൽ അയാളുടെ സംസാരത്തിലോ പെരുമാറ്റത്തിലോ സംശയിക്കേണ്ടതായി ഒന്നും കണ്ടെത്താൻ പോലീസിന് സാധിച്ചില്ല. ഇയാൾക്ക് പുറമേ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തെങ്കിലും കേസന്വേഷണത്തിന് സഹായകമായ തുമ്പുകൾ ഒന്നും ലഭിച്ചില്ല

നിരവധി സാക്ഷികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തതിനു ശേഷം പോലീസ് ഉദ്യോഗസ്ഥർ വീണ്ടും അനന്തരവൻ ധരം സിംഗിനെ ഒരിക്കൽ കൂടി ചോദ്യംചെയ്യാൻ തീരുമാനിച്ചു. ചോദ്യം ചെയ്യലിന് ഹാജരായ അയാളിലേക്ക് ഈച്ചകൾ വല്ലാതെ ആകർഷിക്കപ്പെടുന്നതായി പോലീസ് ശ്രദ്ധിച്ചു. ചോദ്യം ചെയ്യലിൽ ഉടനീളം തന്നിൽ നിന്ന് ഈച്ചകളെ അകറ്റാൻ അയാൾ പാടു പെടുന്നുണ്ടായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ ഷർട്ട് അഴിച്ച് പോലീസിന് കൈമാറാൻ ധരമിനോട് ആവശ്യപ്പെട്ടു, തുടർന്ന് അത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു

ഫൊറൻസിക് പരിശോധനയിൽ ഷർട്ടിൽ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത വിധം പറ്റിപ്പിടിച്ചിരുന്ന മനുഷ്യ രക്തം കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തർക്കത്തിൽ ദേഷ്യം കയറിയ താൻ മദ്യ ലഹരിയിൽ അയാളെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് ധരം സിംഗ് പോലീസിനോട് പറഞ്ഞു