തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്‌റ്റ് ചെയ്യണമെന്ന് മഞ്ജുഷ; കലക്ടർക്കും പോലീസിനും വിമർശനം.. നവീന്‍ ബാബുവിന്‍റെ മരണശേഷം ആദ്യമായാണ് ഭാര്യ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്

പത്തനംതിട്ട: പിപി ദിവ്യയ്ക്ക് മുൻകൂര്‍ ജാമ്യം നല്‍കാത്ത കോടതി വിധി ആശ്വാസമെന്ന് മരിച്ച എഡിഎം നവീൻ ബാബുവിന്‍റെ ഭാര്യയും തഹസില്‍ദാറുമായ മഞ്ജുഷ പ്രതികരിച്ചു. ”വിധിയിൽ സന്തോഷമില്ല, ആശ്വാസമാണുള്ളത്. പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
അത്തരമൊരു നീക്കവുമുണ്ടായിട്ടില്ല. തങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ അറസ്റ്റ് ചെയ്യണം, നീതിക്കായി ഏതറ്റം വരെയും പോകും”
മഞ്ജുഷ വ്യക്തമാക്കി.

കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെയും മഞ്ജുഷ വിമര്‍ശനം ഉന്നയിച്ചു. ”സ്റ്റാഫ് കൗണ്‍സില്‍ യാത്രയയപ്പ് യോഗത്തിൽ ഇത്തരം പരാമര്‍ശം പാടില്ലായിരുന്നുവെന്ന് പറഞ്ഞ് ജില്ലാ കളക്ടര്‍ക്ക് ഇടപെടാമായിരുന്നു, പ്രാദേശിക ചാനലിലെ കാമറാമാനെ വിളിച്ച് വരുത്തി വീഡിയോ റെക്കോഡ് ചെയ്യിപ്പിച്ചു. ഇതിലൊന്നും കളക്ടര്‍ ഇടപെട്ടില്ല. റവന്യു വകുപ്പിൽ ഏറ്റവും മികച്ച രീതിയിൽ ജോലി ചെയ്യുന്ന ആളാണ് നവീൻ ബാബു. തന്‍റെ ഭര്‍ത്താവായതു കൊണ്ട് പറയുന്നതല്ലയിത്. ഏത് മേലുദ്യോഗസ്ഥര്‍ക്കും അദ്ദേഹത്തെക്കുറിച്ച് അറിയാം. ദിവ്യ ഐഎഎസും പിബി നൂഹ് ഐഎസും ഉള്‍പ്പെടെ അതു കൊണ്ടാണല്ലോ അത്തരത്തിൽ അനുഭവം പറഞ്ഞത്. ഫയലെല്ലാം കൃത്യമായി നോക്കി നല്‍കുന്നയാളാണ്. പമ്പിന്‍റെ എൻഒസിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല” – മഞ്ജുഷ മാധ്യമങ്ങളോട് വിശദീകരിച്ചു. നവീൻ ബാബുവിന്‍റെ മരണത്തിന് ശേഷം ആദ്യമായാണ് മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചത്