കണ്ണൂര്‍ ; പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആയതിനു ശേഷം നൽകിയ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട നിർമ്മാണ കരാറുകളിൽ
ദുരൂഹതയെന്ന് ആരോപണം. 2021 മുതൽ പ്രീ ഫാബ്രിക്കേറ്റ് നിർമ്മാണങ്ങൾ കിട്ടിയത് ഒരൊറ്റ കമ്പനിക്കാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
പൊതുമേഖലാ സ്ഥാപനമായ സില്‍ക്കും സ്വകാര്യ കമ്പനിയും തമ്മില്‍ നടത്തിയ കരാര്‍ ഇടപാടുകളില്‍ ആണ് ദുരൂഹത. പ്രീ ഫാബ്രിക്കേറ്റ് നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട് ഒരൊറ്റ കമ്പനിക്ക് മൂന്നു വർഷത്തിനിടെ കിട്ടിയത് 12 കോടിയിലേറെ രൂപയുടെ കരാറാണ്.
2020 ഡിസംബര്‍ 20നാണ് പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തത്. പിന്നാലെയാണ് ഈ കമ്പനി രൂപീകരിച്ചത്.
കമ്പനി എം ഡി ദിവ്യയുടെ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് അംഗമാണ്. മുഹമ്മദ് ആസിഫ് എന്നയാളാണ് കമ്പനിയുടെ എം ഡി. കമ്പനി രൂപീകരിച്ചതിന് ശേഷമാണ് ഇയാൾക്ക് പാർട്ടി അംഗത്വം കിട്ടിയത്. ഒരു കമ്പനിക്ക് മാത്രം കോടികളുടെ പ്രവൃത്തികളാണ് കിട്ടുന്നതെന്നാണ് കണ്ടെത്തല്‍. മോഡുലാർ ടോയിലറ്റ്, കെട്ടിടങ്ങൾ എന്നിവയാണ് നിർമ്മിക്കുന്നത്.
കാസര്‍കോട്, വയനാട് ജില്ലാ പഞ്ചായത്തുകളുടെയും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും കോടിക്കണക്കിന് രൂപയുടെ പ്രവര്‍ത്തികളും ഈ കമ്പനി ഉപകരാര്‍ എടുത്തിട്ടുണ്ട്. പ്രീ ഫാബ്രിക്കേറ്റഡ് നിർമാണ കരാർ എടുക്കുന്നത് പൊതുമേഖലാ സ്ഥാപനമായ സിൽക്കാണ്. സിൽക്ക് ബൈ കോൺട്രാക്ടിന് ടെണ്ടർ വിളിക്കും. ഈ ടെണ്ടർ മൂന്ന് വർഷമായി ഈ ഒറ്റ കമ്പനിക്കാണ് കിട്ടിക്കൊണ്ടിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍.