വയനാട് : സത്യവാങ്ങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ പൂർണമായി ഉൾപ്പെടുത്താത്തതിനാല്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇതിനെതിരെ നിയമ നടപടിയിലേക്ക് കടക്കുമെന്നും സ്ക്രൂട്ടനി സമയത്ത് ഈ വിവരങ്ങൾ വരണാധികാരിയെ അറിയിക്കുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് വ്യക്തമാക്കി.
സത്യവാങ്ങ്മൂലത്തിൽ AJL കമ്പനിയിൽ പ്രിയങ്കയ്ക്കുള്ള ഷെയർ കാണിച്ചിട്ടില്ല. റോബർട്ട് വാദ്രയുടെ സ്വത്ത് വിവരങ്ങളും ഒളിച്ചു വെച്ചെന്നാണ് ബിജെപിയുടെ ആരോപണം.
തെരഞ്ഞെടുപ്പ് വരണാധികാരിക്ക് സ്വത്തുവിവരം സംബന്ധിച്ച് കഴിഞ്ഞ ദിവസം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പ്രിയങ്ക പറയുന്നത്,
തനിക്കും ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കും കൂടി 78 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ്.
12 കോടിയാണ് പ്രിയങ്കയുടെ മാത്രം ആസ്തി. ഇതില്‍ ദില്ലി മെഹറോളിയില്‍ രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ കൃഷി ഭൂമിയും ഫാം ഹൗസുമുണ്ട്., ഷിംലയില്‍ 5.63 കോടി രൂപ മൂല്യം വരുന്ന വീടും സ്വത്തും, 550 പവന്‍ സ്വര്‍ണ്ണവും, മുപ്പത് ലക്ഷം രൂപയുടെ വെള്ളിയും ഉണ്ട്. 66 കോടി രൂപയുടെ ആസ്തിയാണ് റോബര്‍ട്ട് വദ്രയുടേതായി കാണിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതല്‍ വരുമെന്നാണ് ബിജെപിയുടെ ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ റോബര്‍ട്ട് വദ്രക്കെതിരെ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള‍്ക്ക് മുന്നിലുള്ള കണക്ക് ഇതല്ലെന്നും ബിജെപി വ്യക്തമാക്കുന്നു. കള്ളക്കണക്ക് നല്‍കി വയനാട്ടിലെ ജനങ്ങളെ കോണ്‍ഗ്രസ് കബളിപ്പിക്കുകയാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.