പ്രിയങ്കരിയായി പ്രിയങ്ക..! ‘വയനാടിന്‍റെ കുടുംബമാവുന്നതിൽ അഭിമാനം’, പ്രിയങ്ക പത്രിക സമർപ്പിച്ചു

വയനാട് മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാര്‍ജുൻ ഖര്‍ഗെ, കെ സി വേണുഗോപാൽ, ഭർത്താവ് റോബോർട്ട് വാദ്ര, മകൻ റെയ്ഹാൻ തുടങ്ങിയവർക്കൊപ്പം വയനാട് കളക്ടറേറ്റിൽ എത്തിയാണ് കളക്ടർക്ക് മുൻപാകെ മൂന്ന് സെറ്റ് പത്രിക സമർപ്പിച്ചത്. തെരെഞ്ഞെടുപ്പിലേക്കുള്ള പ്രിയങ്കയുടെ ആദ്യ ചുവടുവയ്‌പ്പ്
ഏറെ ശ്രദ്ധ ആകർഷിക്കുകയാണ്.

ആദ്യമായാണ് തനിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നതെന്നും വയനാടിന്‍റെ കുടുംബമാവുന്നതിൽ അഭിമാനമുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാടിനെ ഇളക്കിമറിച്ചുള്ള റോഡ് ഷോയ്ക്കുശേഷം കല്‍പ്പറ്റയിലെ പൊതുപരിപാടിയിൽ വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

” 17ാം വയസിലാണ് പിതാവിന് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. 35വര്‍ഷത്തോളമായി അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും മറ്റു നേതാക്കള്‍ക്കും വേണ്ടി പ്രചാരണം നടത്തിയിട്ടുണ്ട്. പക്ഷേ ആദ്യമായിട്ടാണ് തനിക്ക് വേണ്ടി ഒരു തെര‍ഞ്ഞടുപ്പ് പ്രചാരണത്തില്‍ നിങ്ങളുടെ പിന്തുണ തേടി എത്തുന്നത് ” പ്രിയങ്ക പറഞ്ഞു.

വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തെക്കുറിച്ചും പ്രിയങ്ക ഗാന്ധി പ്രസംഗത്തിൽ അനുസ്മരിച്ചു. ” കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞാൻ വയനാട്ടിലെ മുണ്ടക്കൈയിൽ സഹോദരനൊപ്പം വന്നു. അവിടെ എല്ലാം നഷ്ടമായവരെ കണ്ടു. ഉരുള്‍പൊട്ടലിൽ ജീവിതം ഇല്ലാതായ മനുഷ്യരെ ഞാൻ കണ്ടു. ഞാൻ കണ്ട ഓരോരുത്തരും പരസ്പരം സഹായിച്ചു കൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു. അത്യാഗ്രഹമില്ലാതെ സ്നേഹം മാത്രം നൽകിയാണ് അവര്‍ പരസ്പരം പിന്തുണച്ചത്. വയനാട്ടുകാരുടെ ഈ ധൈര്യം എന്നെ ആഴത്തിൽ സ്പര്‍ശിച്ചു. ദുരന്ത മുഖത്തെ വയനാട്ടുകാരുടെ ധൈര്യം എന്നെ വല്ലാതെ സ്പര്‍ശിച്ചു. വയനാടിന്‍റെ കുടുംബമാകുന്നത് വലിയ സൗഭാഗ്യവും ആദരവും അഭിമാനവുമായി കാണുന്നു. വയനാട്ടിലെ പ്രിയപ്പെട്ടവര്‍ എന്‍റെ സഹോദരനൊപ്പം നിന്നു. നിങ്ങള്‍ അദ്ദേഹത്തിന് ധൈര്യം നൽകി. പോരാടാനുള്ള കരുത്ത് നൽകി.

വയനാടുമായുള്ള ബന്ധം ഞാൻ കൂടുതൽ ദൃഡമാക്കും. വയനാട്ടിലെ രാത്രിയാത്ര നിരോധനം, മെഡിക്കല്‍ കോളേജ് തുടങ്ങിയ എല്ലാ പ്രശ്നങ്ങളും രാഹുൽ എനിക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. ഇത് എന്റെ പുതിയ യാത്രയാണ്. ഇതിൽ നിങ്ങൾ ഓരോരുത്തരുമാണ് ഗുരുക്കൻമാർ. ഇതിനു മുൻപ് ഞാൻ രണ്ടു മക്കളുടെ അമ്മയാണ്. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായപ്പോഴും ഞാൻ കുടുംബത്തോടൊപ്പം നിന്നിരുന്നു. ഇന്ന് നിങ്ങള്‍ എന്‍റെ കുടുംബമാണ്. നിങ്ങള്‍ക്കൊപ്പം എക്കാലവും ഞാൻ ഉണ്ടാകും. ഏത് പ്രശ്നത്തിലും സന്തോഷത്തിലും സങ്കടത്തിലും ഉണ്ടാകും” വോട്ടര്‍മാരോട് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, മറ്റു ഘടകകക്ഷി നേതാക്കള്‍ തുടങ്ങി നിരവധി പേര്‍ റോഡ്ഷോയിലും കല്‍പ്പറ്റയിലെ
പൊതു സമ്മേളനത്തിലും പങ്കെടുത്തു.