പ്രിയങ്കയും രാഹുലും ഇന്നെത്തും; വയനാട് ഉപതെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയിലേക്ക്. ഖാര്‍ഗെയുടെയും സോണിയയുടെയും സാന്നിധ്യത്തിൽ നാളെ പത്രിക നൽകും

വയനാട് ഉപതെരഞ്ഞെടുപ്പിനെ ദേശീയ ശ്രദ്ധയിലേക്ക് ഉയർത്തി യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയും സഹോദരനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും. വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കാൻ ആണ് യുഡിഎഫിന്‍റെ തീരുമാനം. മൈസൂരിൽ നിന്ന് റോഡ് മാർ​ഗമാണ് ഇരു നേതാക്കളുംവൈകുന്നേരത്തോടെ വയനാട്ടിലേക്കെത്തുക.

നാളെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയും
സോണിയ ഗാന്ധിയും ഇതിനായി നാളെയെത്തും. എട്ടര വർഷത്തിന് ശേഷമാണ് സോണിയ ​ഗാന്ധി ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. 2 കിലോമീറ്റ‍ർ ദൂരം റോഡ്ഷോ നടത്തിയ ശേഷമായിരിക്കും പ്രിയങ്കയുടെ പത്രികാസമർപ്പണം. രാവിലെ 11 ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ UDFന്‍റെ സംസ്ഥാന, ജില്ലാ നേതാക്കൾ അണിനിരക്കും.
പ്രചാരണത്തിന് വേണ്ടി പ്രിയങ്ക 10 ദിവസം വയനാട്ടിലുണ്ടാകും.

പ്രിയങ്കഗാന്ധി കൂടി എത്തുന്നതോടെ വയനാട് തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കും സിപിഐ യിൽ നിന്നുള്ള സത്യൻ മൊകേരി ആണ് എൽ ഡി എഫ് സ്ഥാനാർഥി. യുവ നേതാവായ നവ്യയെയാണ് ബിജെപിക്ക് ഇത്തവണ കളത്തില്‍ ഇറക്കിയത്. സത്യൻ മൊകേരിയും നവ്യയും പ്രചാരണവുമായി മുന്നോട്ടു പോവുകയാണ്. പ്രിയങ്ക കൂടി എത്തുന്നതോടെ ഇനി പ്രചാരണം പൊടി പൊടിക്കും. ദേശീയ നേതാവായ പ്രിയങ്കയാണ് മത്സരിക്കുന്നത് എന്നതിനാൽ ദേശീയ നേതാക്കളെ തന്നെ കൊണ്ടുവന്ന് പ്രചാരണം നടത്താനുള്ള നീക്കത്തിലാണ് ബിജെപിയും എൽഡിഎഫും.