തൃശ്ശൂരിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ 2 കുട്ടികള്‍ക്കാണ് അമളി പറ്റിയത്. മറ്റ് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കണ്ണ് വെട്ടിച്ച് കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി തേടി ഇവര്‍ കയറിച്ചെന്നത് അടിമാലി എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിലേക്കാണ്.
എക്സൈസ് ഓഫീസില്‍ കേസിൽ പിടിച്ച വാഹനങ്ങൾ കിടക്കുന്നത് കണ്ട് വർക്ക് ഷോപ്പ് ആണെന്ന് കരുതിയാണ് കയറിയതെന്ന് കുട്ടികൾ പറഞ്ഞതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. ഓഫീസിന്റെ പിൻവശത്ത് കൂടെ കയറിയതിനാൽ ബോർഡ് കണ്ടില്ലെന്നും പറയുന്നു. അകത്ത്
യൂണിഫോമിൽ ഉള്ളവരെ കണ്ടതോടെ ഇവര്‍ തിരിച്ചു ഓടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു
തുടര്‍ന്ന് സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്തിന്റെ നേതൃത്വത്തില്‍
നടത്തിയ പരിശോധനയില് ഇവരിൽ നിന്ന് 5 ഗ്രാം കഞ്ചാവും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. 2 പേര്‍ക്കെതിരെയും കേസെടുത്തു.
വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന അധ്യാപകരെ എക്സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങൾ ധരിപ്പിച്ചു. പിന്നീട് മാതാപിതാക്കളെയും വിളിച്ചുവരുത്തി. കുട്ടികൾക്ക് കൗൺസിലിംഗ് നൽകിയ ശേഷമാണ് വിട്ടയച്ചത്