അൻവർ സൗകര്യമുണ്ടെങ്കിൽ പിന്തുണച്ചാൽ മതി; അന്‍വറിന്‍റെ ഉപാധികള്‍ തള്ളി വി.ഡി. സതീശനും കെ.സുധാകരനും

ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിക്കുന്നതിന് പി വി അന്‍വര്‍ മുന്നോട്ടുവെച്ച ഉപാധികള്‍ തള്ളി കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. അൻവർ പിന്തുണച്ചില്ലെങ്കിൽ വയനാട്ടിൽ പ്രിയങ്ക ഗാന്ധി കഷ്‌ടപ്പെട്ട് പോകുമല്ലോയെന്ന് വി ഡി സതീശന്‍ പരിഹസിച്ചു. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ നിരുപാധികം പിന്തുണയ്ക്കുമെന്നാണ് അൻവർ അറിയിച്ചിരിക്കുന്നത്. അതിൽ സന്തോഷമുണ്ട്.

‘പി.വി. അൻവർ യു.ഡി.എഫിനെ വെല്ലുവിളിക്കേണ്ട, സ്ഥാനാർഥിയെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഉപാധികളും അംഗീകരിക്കില്ല, സൗകര്യമുണ്ടെങ്കിൽ മാത്രം സ്ഥാനാർഥികളെ പിന്തുണച്ചാൽ മതി” വി ഡി സതീശന്‍ വ്യക്തമാക്കി. ”യു.ഡി.എഫിന് മുന്നിൽ ഉപാധികൾ വെച്ചു കൊണ്ടുള്ള താമശകളൊന്നും വേണ്ട. ചേലക്കരയിൽ രമ്യയെ പിൻവലിക്കാൻ ആണല്ലോ തങ്ങൾ ഈ പണിയൊക്കെ എടുക്കുന്നത്. അൻവറിന്റെ ഈ ആവശ്യം ഒരു തമാശയായി മാത്രം കണ്ടാൽ മതിയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

”നിങ്ങൾ റിക്വസ്റ്റ് ചെയ്താൽ എന്റെ സ്ഥാനാർഥികളെ പിൻവലിക്കാമെന്നാണ് അൻവർ പറഞ്ഞത്. റിക്വസ്റ്റ് ചെയ്‌തപ്പോൾ രമ്യയെ പിൻവലിക്കണമെന്നും എങ്കിൽ പാലക്കാട് തന്റെ സ്ഥാനാർഥിയെ പിൻവലിക്കാമെന്ന നിർദേശവുമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. കഴിയുമെങ്കിൽ അൻവറിന് യു.ഡി.എഫിനെ പിന്തുണയ്ക്കാം. മറ്റൊരു ഉപാധികളും കോൺഗ്രസും യു.ഡി.എഫും സ്വീകരിക്കില്ല. അന്‍വര്‍
സ്ഥാനാർഥിയെ പിൻവലിച്ചാൽ നല്ലകാര്യം, ഇല്ലെങ്കിൽ അങ്ങനെ പോയ്ക്കോട്ടെ” ആർക്ക് മുന്നിലും യു.ഡി.എഫ്. വാതിൽ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല. ഉചിതമായ തീരുമാനങ്ങൾ അതാത് സമയത്ത് എടുക്കും. അത് രാഷ്ട്രീയമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.