കോഴിക്കോട്: എലത്തൂർ കാട്ടിൽപ്പീടികയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്നെന്ന പരാതിയിൽ വമ്പൻ ട്വിസ്റ്റ്. മുഖത്ത് മുളകുപൊടി വിതറി കാറില്‍ ബന്ദിയാക്കി പണം തട്ടിയെന്ന പരാതിയില്‍ പ്രതി പരാതിക്കാരന്‍ തന്നെയെന്ന് പോലീസ്. പരാതിക്കാരനായ സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ ആസൂത്രിത തട്ടിപ്പാണിതെന്നാണ് പോലീസ് നല്‍കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഹൈലിന്റെ കൂട്ടാളി താഹയില്‍ നിന്നും 37 ലക്ഷം രൂപ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സുഹൈലിന്റെ മൊഴികളിലെ പൊരുത്തക്കേടാണ് കേസില്‍ വഴിത്തിരിവായത്.
തുടക്കത്തിൽ തന്നെ പരാതി സംബന്ധിച്ച് സംശയങ്ങളുണ്ടായിരുന്ന പൊലീസ്, സംഭവത്തിന് പിന്നിലുള്ള വലിയ നാടകമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. നേത്തെ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 25 ലക്ഷം രൂപ രണ്ടുപേര്‍ ചേര്‍ന്ന തന്നെ കാറിൽ കെട്ടിയിട്ട ശേഷം കവര്‍ന്നു എന്നായിരുന്നു ഏജൻസി ജീവനക്കാരനായ സൂഹൈൽ പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞത്. എന്നാൽ ഇതെല്ലാം കൂട്ടാളികളോടൊപ്പം ചേര്‍ന്നുള്ള നാടകമാണെന്ന് പിന്നീട് വ്യക്തമായി.
കേസിൽ സ്വകാര്യ ഏജൻസിയിലെ രണ്ടു ജീവനക്കാരെയും നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംശയങ്ങൾ തീര്‍ക്കാൻ നടത്തിയ അന്വേഷണത്തിൽ സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ നാടക മാണ് കവര്‍ച്ചയെന്നാണ് വ്യക്തമാകുന്നത്. സുഹൈലും കൂട്ടുപ്രതിയായ താഹയും മറ്റൊരാളും ചേര്‍ന്നാണ് ഈ നാടകം ആസൂത്രണം ചെയ്തത്. കോലാഹലങ്ങൾ അടങ്ങിയാൽ പണം സ്വന്തമാക്കാമെന്ന ധാരണയിലായിരുന്നു കവര്‍ച്ച പദ്ധതിയിട്ടത്. താഹയിൽ നിന്ന് 37 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്. സുഹൈലിനെ കാറിൽ കെട്ടിയിട്ട് നാടകം നടത്തിയത് ഇവര്‍ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്.