ചെങ്കൊടി പ്രസ്ഥാനത്തിന്‍റെ ഉറപ്പുമായി CPM ജില്ലാ സെക്രട്ടറി..”നിന്‍റെ കണ്ണിലെ നനവും മനസിലെ നോവും വെറുതെയാകില്ല”

ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്‍റെ മക്കളുടെ കണ്ണീര്‍ വെറുതെയാകില്ലെന്ന് സിപിഎമ്മിന്‍റെ ഉറപ്പ്.
സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവാണ് വൈകാരിക ഫേസ്ബുക്ക് കുറിപ്പിട്ടത്. ”പാതിയുടഞ്ഞ കുടവുമായി അച്ഛന് വലം വയ്ക്കുന്ന നിന്‍റെ മനസ് ഉടഞ്ഞുപോകാതെ ചേർത്തുവെയ്ക്കാൻ ഞങ്ങളുണ്ടാകും. നിന്‍റെ കണ്ണിലെ നനവും മനസിലെ നോവും വെറുതെയാകില്ല. ഇതാണുറപ്പ്, ഇതുമാത്രമാണ് ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഉറപ്പ്” – ഇങ്ങനെയായിരുന്നു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.

എഡിഎം നവീൻ ബാബുവിന് ഹൃദയഭേദകമായ യാത്രയയപ്പ് ആണ് ഇന്നലെ നാട് നൽകിയത്. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ പെണ്‍ മക്കളായ നിരുപമയും നിരഞ്ജനയുമാണ് അന്ത്യകര്‍മ്മങ്ങൾ ചെയ്തത്. കരളലിയിക്കുന്ന ഈ ദൃശ്യങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ഏവരെയും കണ്ണീരണിയിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉദയഭാനുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.