മലപ്പുറം: ഏറനാട് സീറ്റ് സിപിഐ ലീഗിന് വിറ്റെന്ന ആരോപണത്തില്‍ പി വി അൻവര്‍ എംഎല്‍എക്കെതിരെ വക്കീൽ നോട്ടീസ്.
ഒരു കോടി നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ട് സിപിഐ അഭിഭാഷക സംഘടനാ നേതാവായ എസ് എസ് ബാലുവാണ് നോട്ടീസ് അയച്ചത്. അൻവർ ആരോപണം തിരുത്തണമെന്നും അല്ലാത്ത പക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്.
ആലപ്പുഴയില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് അൻവർ സിപിക്കെതിരെ വിമർശനം നടത്തിയത്. സിപിഐ 2011 ലും 2021 ലും ഏറനാട് സീറ്റ് മുസ്ലീംലീഗിന് വില്‍പ്പന നടത്തിയെന്നായിരുന്നു ആരോപണം. 2011 ലെ വില്‍പ്പനയ്ക്ക് അന്നത്തെ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവൻ നേതൃത്വം നല്‍കിയെന്നും 25 ലക്ഷം രൂപക്ക് മുസ്ലീം ലീഗിന് സീറ്റ് വിറ്റു എന്നുമായിരുന്നു അന്‍വര്‍ ആരോപണം ഉന്നയിച്ചത്.
അൻവറിൻ്റെ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. വ്യാജ ആരോപണം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും അവമതിപ്പും, മാനഹാനിയും ഉണ്ടാക്കിയതായി നോട്ടീസില്‍ പറയുന്നു. 15 ദിവസത്തിനകം പത്ര സമ്മേളനം വിളിച്ച് ആരോപണം തിരുത്തിയില്ലെങ്കില്‍ അന്‍വറില്‍ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടികൾ സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്.