കണ്ണൂര്‍; എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുക്കാൻ തീരുമാനം. 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും കേസെടുക്കുകയെന്നറിയുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താമെന്ന നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്. ദിവ്യക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാറും വ്യക്തമാക്കി
പി പി ദിവ്യയുടെ അഴിമതി ആരോപണത്തിന് പിന്നാലെയാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. അതിനാല്‍ ദിവ്യയുടെ മൊഴി പൊലീസ് എടുക്കും. അന്വേഷണത്തിന് കണ്ണൂർ പൊലീസ് പത്തനംതിട്ടയിലേക്കും പോകും. നവീന്‍റെ മരണത്തിൽ കുടുംബാംഗങ്ങള്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു. പരാതി നൽകിയിട്ടും ഇതുവരെ പൊലീസ് കേസെടുത്തില്ലെന്ന് കുടുംബം ഇന്നലെ ആരോപിച്ചിരുന്നു. കേസെടുക്കാത്തത്തിൽ വിമര്‍ശനം ശക്തമായിരുന്നു.