എഡിജിപി RSS നേതാക്കളെ കണ്ടതെന്തിന്.. അജിത് കുമാറിനെതിരായ റിപ്പോര്‍ട്ട് നിയമസഭയില്‍

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ റിപ്പോര്‍ട്ട് നിയമസഭയില്‍.
എം ആര്‍ അജിത് കുമാര്‍ ആർഎസ്എസ് നേതാക്കളെ കണ്ടതിലും പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിലുമുള്ള അന്വേഷണ റിപ്പോർട്ടുകളാണ് സര്‍ക്കാര്‍ പുറത്തു വിട്ടത്. സ്വകാര്യ സന്ദർശനമെന്ന എഡിജിപിയുടെ വാദം തള്ളുന്ന റിപ്പോർട്ട് കൂടിക്കാഴ്ച സർവ്വീസ് നേട്ടങ്ങൾക്ക് വേണ്ടിയാണെങ്കിൽ ചട്ടലംഘനമാണെന്നും വിമർശിക്കുന്നു. മാമി തിരോധാന കേസിൽ അന്വേഷണ മേൽനോട്ടത്തിൽ അജിത് കുമാറിന് വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. അതേ സമയം പി വി അൻവറിൻ്റെ മറ്റ് ആരോപണങ്ങൾ റിപ്പോര്‍ട്ടില്‍ തള്ളുന്നു.

എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ്റെ സബ് മിഷൻ്റെ മറുപടിയിലാണ് മുഖ്യമന്ത്രി റിപ്പോർട്ട് പരസ്യമാക്കിയത്. RSS നേതാക്കളായ ദത്താത്രേയ ഹൊസബാളെയെയും രാം മാധവിനെയും കണ്ടത് സ്വകാര്യ സൗഹൃദ സന്ദർശനത്തിൻ്റെ ഭാഗമായാണെന്നാണ് എഡിജിപിയുടെ വിശദീകരണം. എല്ലാ രാഷ്ട്രീയ നേതാക്കളെയും കാണും പോലെ യാണിതെന്നാണ് നിലപാട്. എന്നാല്‍ ഈ വിശദീകരണം തള്ളുന്നതാണ് ഡിജിപിയുടെ റിപ്പോർട്ട്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിൽ പോയത് എന്തിനാണെന്നാണ് റിപ്പോർട്ടിലെ സംശയം. കൂടിക്കാഴ്ചയുടെ ലക്ഷ്യം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സർവ്വീസ് നേട്ടങ്ങൾക്ക് വേണ്ടിയാണ് സന്ദർശനമെന്ന ആരോപണമുണ്ട്. അങ്ങനെയെങ്കിൽ ഗുരുതര ചട്ടലംഘനമാണ് എഡിജിപിയുടെ ഭാഗത്തു നിന്നുണ്ടായത്. ആർഎസ്എസ് കൂടിക്കാഴ്ചയിലും മാമി കേസിലും വീഴ്ച കണ്ടെത്തിയിട്ടും അജിത് കുമാറിനെതിരെ എടുത്തത് പേരിനൊരു സ്ഥാനമാറ്റം മാത്രമായിരുന്നു.