പോരാട്ടത്തിനൊടുവിൽ ചിത്രലേഖ വിട വാങ്ങി; സിപിഎം വിലക്കേര്‍പ്പേടുത്തിയ ദളിത് യുവതി

കണ്ണൂര്‍:  ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് സിപിഎമ്മുമായി പോരാട്ടത്തിലായിരുന്ന ചിത്രലേഖ (48)വിട വാങ്ങി. പയ്യന്നൂര്‍ എടാട്ടെ ഓട്ടോ ഡ്രൈവറായിരുന്ന ചിത്രലേഖ പാൻക്രിയാസ് കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് കനത്ത ശ്വാസം മുട്ടലിനെ തുടർന്ന് കമ്പിലെ ആശുപത്രി വച്ച് മരിച്ചത്. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാളെ 9 മണിയോടെ വീട്ടിലെത്തിക്കും. 10.30 ന് പയ്യാമ്പലത്ത് സംസ്കാരം നടക്കും.

2004-ൽ എടാട്ടെ സ്റ്റാന്റിൽ ഓട്ടോയുമായി എത്തിയ ദളിത് യുവതിയാണ് ചിത്രലേഖ. ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സി ഐടി യുമായി തർക്കമുണ്ടായതോടെ സി പി എം വിലക്കേർപ്പെടുത്തി. പിന്നീട് പാർട്ടിയുമായി ചിത്രലേഖ നടത്തിയ സമരങ്ങളിലൂടെയാണ് ഇവർ ചർച്ചയാവുന്നത്. 2005 ലും 2023 ലും ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടത് വലിയ വാർത്തയായിരുന്നു.

പാൻക്രിയാസിൽ അർബുദം ബാധിച്ച ചിത്രലേഖയ്ക്ക് മഞ്ഞപ്പിത്തവും പിടിപെട്ടു. പരസഹായം ഇല്ലാതെ എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ചിത്രലേഖയുടെ ഭർത്താവായ ശ്രീഷ്കാന്തിന് തനിച്ചാക്കി ജോലിക്ക് പോകാനും സാധിച്ചിരുന്നില്ല. ഇതോടുകൂടി കുടുംബത്തിന്റെ വരുമാനവും നിലച്ചു.