ദില്ലി : മലബാർ മേഖലകളെ സ്വർണ്ണക്കള്ളകടത്തിന്റെയും ഹാവാല ഇടപാടുകളുടെയും കേന്ദ്രമാക്കി മുദ്രകുത്താൻ പി ആർ ഏജൻസി ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയനെ സംരക്ഷിക്കാനെന്ന വ്യാജേന കെയ്സൻ ദേശീയ മാധ്യമങ്ങൾക്ക് നൽകിയ റിലീസുകളിലാണ് മലബാറിനെ ലക്ഷ്യം വെച്ചുള്ള നീക്കം.കഴിഞ്ഞ ഒരു മാസമായി നിരവധി വാർത്താ കുറിപ്പുകളാണ് കെയ്സൻ വിവിധ ദേശീയ മാധ്യമങ്ങൾക്ക് അയച്ചിട്ടുള്ളത്.മലപ്പുറം കേന്ദ്രീകരിച്ച് വലിയ ഹവാല ഇടപാടലുകളും സ്വർണ കള്ളക്കടത്തും നടക്കുന്നുവെന്നും ഈ പണത്തിന്റെ വലിയൊരു ഭാഗം നിരോധിത സംഘടനകളുടെ പ്രവർത്തനത്തിനും സർക്കാർ വിരുദ്ധ നീക്കങ്ങൾക്കും വേണ്ടി വിനിയോഗിക്കപ്പെടുന്നുവെന്നുമാണ് ഈ റിലീസുകളിൽ നിന്ന് വ്യക്തമാകുന്നത്. ഇതിനായി കേരളവും യുഎഇയും കേന്ദ്രീകരിച്ച് വലിയ മാഫിയകൾ പ്രവർത്തിക്കുന്നുണ്ട് തുടങ്ങി ഗുരുതര ഉള്ളടക്കങ്ങൾ ഉള്ളതാണ് ഈ റിലീസുകൾ. പി വി അൻവറിന്റെ വിവാദങ്ങൾക്കിടയിലാണ് ഈ പത്രകുറിപ്പുകൾ കെയ്സൻ വിതരണം ചെയ്തത്.
മുഖ്യമന്ത്രിക്ക് വേണ്ടിയെന്ന വ്യാജേന അദ്ദേഹം പറയാത്ത കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഈ റിലീസുകൾ നൽകിയത് ആരാണ് എന്നതാണ് പ്രധാന ചോദ്യം. കേരളത്തിലെ ഒരു സിപിഐഎം നേതാവോ സർക്കാർ സംവിധാനങ്ങളോ പറയാത്ത കാര്യങ്ങളാണ് റിലീസിൽ ഉള്ളത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും സ്വർണക്കടത്തുമായി ബന്ധപ്പെടുത്താൻ ഗൂഢനീക്കം നടക്കുന്നുണ്ടെന്നും ഇതിനായി കേന്ദ്ര ഏജൻസികൾ അന്വേഷണവുമായി വരുന്നുണ്ടെന്നുമാണ് പ്രസ് റിലീസ് പരിശോധിച്ചാൽ മനസ്സിലാവുക. എല്ലാത്തിനും പിന്നിൽ സ്വർണക്കള്ളക്കടത്തിനെയും ഹവാല ഇടപാടിനെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന സർക്കാർ സംവിധാനത്തെ ദുർബലപ്പെടുത്താനാണ് ഈ നീക്കങ്ങൾ എന്ന ആരോപണം കൂടി ഉന്നയിക്കുന്നുണ്ട്.