പീഡന പരാതി; നടന്‍ നിവിൻ പോളിയെ ചോദ്യം ചെയ്തു

കൊച്ചി: ദുബായില്‍ വെച്ച് പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിനി നൽകിയ പരാതിയിൽ നടന്‍ നിവിൻ പോളിയെ ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയായിരുന്നു. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് കഴിഞ്ഞ നവംബറില്‍ ദുബായിലെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതി നൽകിയ പരാതി. ഇതേത്തുടര്‍ന്ന് ഊന്നുകല്‍ പോലീസ് എടുത്ത കേസില്‍ ആറാം പ്രതിയാണ് നിവിന്‍ പോളി. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ നടനെതിരെ ചുമത്തിയിട്ടുണ്ട്.

അതിനിടെ നേര്യമംഗലം സ്വദേശിനിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന നിവിന്റെ പരാതിയിലും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. പരാതിക്ക് പിന്നാലെ ആരോപണം നിഷേധിച്ച് നിവിന്‍ പോളി രംഗത്തെത്തിയിരുന്നു. യുവതിയെ അറിയില്ലെന്നും പരാതി വ്യാജമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ നടന്‍ പറഞ്ഞു. പരാതിയില്‍ പറയുന്ന തീയതിയില്‍ താന്‍ കൊച്ചിയിലെ സിനിമാ സെറ്റിലായിരുന്നെന്നാണ് നിവിന്റെ വാദം.ഇത് തെളിയിക്കുന്ന രേഖകൾ നിവിന്‍ പോളി അന്വേഷണസംഘത്തിന് നല്‍കിയിട്ടുണ്ട്.