പുഷ്പൻ ഓര്‍മ്മയായി.. കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു

5 യുവാക്കള്‍ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവെപ്പിന്റെ ജീവിച്ചിരുന്ന രക്തസാക്ഷിയായ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ (54) അന്തരിച്ചു. മൂന്നു പതിറ്റാണ്ടായി കിടപ്പിലായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മൂന്നരയോടു കൂടിയായിരുന്നു മരണം.

1994 നവംബർ 25നായിരുന്നു കേരളത്തെ ഞെട്ടിച്ച കൂത്തുപറമ്പ് വെടിവെപ്പ്. വെടിവെപ്പിൽ സുഷുമ്നാ നാഡി തകർന്ന് 24ാം വയസ്സിൽ ശരീരം തളർന്ന് പുഷ്പന്‍ കിടപ്പിലായി. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എംവി രാഘവനെതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് വെടിവെക്കുകയായിരുന്നു. വെടിവെപ്പിൽ കെ കെ രാജീവൻ, കെ വി റോഷൻ, വി മധു, സി ബാബു, ഷിബു ലാൽ എന്നീ 5 ഡിവൈഎഫ്ഐ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് വൈകിട്ടാണ് പുഷ്പനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വെന്റിലേറ്ററിലേക്ക് ഹൃദയാഘാതത്തെ തുടർന്ന് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.സിപിഎം നോർത്ത് മേനപ്രം ബ്രാഞ്ച് അംഗമായിരുന്നു പുഷ്പന്‍.