മൃതദേഹം ഉറുമ്പരിക്കാൻ പ്രതികൾ വിതറിയത് 20 കിലോ പഞ്ചസാര ; സുഭദ്ര കൊലയില്‍ പ്രചോദനമായത് മലയാള സിനിമ

ആലപ്പുഴ: സുഭദ്ര കൊലക്കേസിൽ പോലീസിന് ലഭിച്ചത് നിർണായ വിവരങ്ങളാണ്. കൊലക്കേസിൽ തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി മൃതദേഹത്തിൽ 20 കിലോഗ്രാം പഞ്ചസാര പ്രതി വിതറി എന്നാണ് പോലീസിന് ലഭിച്ച വിവരം. പഞ്ചസാര വിതറിയാൽ മൃതദേഹം ഉറുമ്പരിച്ചു പോകുമെന്ന ആശയം സിനിമയിലൂടെ ലഭിച്ചതാണെന്ന് പ്രതിയായ മാത്യൂസ് തന്നെയാണ്  പോലീസിനോട് വെളിപ്പെടുത്തിയത്. യൂട്യൂബിൽ കണ്ട ഒരു മലയാള സിനിമയാണ് ഇതിന് പ്രചോദനമെന്നും പ്രതി പറഞ്ഞു.

മാത്യൂസ് കലവൂരിലെ ഒരു കടയിൽ നിന്നാണ് തെളിവ് നശിപ്പിക്കുന്നതിന് ആവശ്യമായുള്ള പഞ്ചസാര വാങ്ങിയത്.
കട ഉടമ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സുഭദ്രയുടെ മൃതദേഹം കുഴിയില്‍ ഇട്ടതിന് ശേഷമാണ് അതിന് മുകളിലേക്ക് പഞ്ചസാര വിതറിയത്. പക്ഷേ കുഴിക്ക് ആഴം കൂടിയത് കൊണ്ടും കുഴിയിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നത് കൊണ്ടും പ്രതികൾ വിചാരിച്ച പോലെ മൃതദേഹം ഉറുമ്പരിച്ചില്ല.

സുഭദ്രയുടെ മൃതദേഹം മറവ് ചെയ്യുന്നതിന് മുമ്പ് ധരിച്ചിരുന്ന മാല പ്രതികൾ ഊരിയെടുത്തിരുന്നു.
എന്നാൽ പിന്നീട് മാല മുക്കു പണ്ടമാണെന്ന് മനസ്സിലാക്കിയതോടെ തോട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു മാല പ്രതികൾ താമസിച്ച കോർത്തുശേരിയിലെ വാടക വീടിനു പിന്നിലെ തോട്ടിൽ നിന്നും പോലീസ് ഇന്നലെ കണ്ടെത്തിയിരുന്നു.
തെളിവ് ശേഖരണത്തിന് ശേഷം ഇന്നലെ തന്നെ പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കി.

ഓഗസ്റ്റ് 4നാണ് കൊച്ചി കടവന്ത്രയിൽ നിന്ന് സുഭദ്രയെ കാണാതായത്. 33 ദിവസങ്ങൾക്കു ശേഷം സെപ്റ്റംബർ 10ന് മൃതദേഹം കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കൊച്ചി മുണ്ടംവേലി നട്ടച്ചിറയിൽ ശർമിള ഭർത്താവ് ആലപ്പുഴ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് എന്നിവരാണ് പ്രധാന പ്രതികള്‍.