കുമരകത്ത് കാർ മുങ്ങി 2 പേർ മരിച്ച സംഭവം; കനത്ത സുരക്ഷാ വീഴ്ചയെന്ന് ആരോപണം. ഈ ഭാഗത്ത് മതിയായ എത്ര മുൻകരുതലുകൾ ഇല്ല

കോട്ടയം : കുമരകം കൈപ്പുഴമുട്ടിൽ കാർ പുഴയിലേക്ക് വീണ് 2 പേര്‍ മരിച്ച ഭാഗത്ത് യാതൊരുവിധ സുരക്ഷ മുന്നറിയിപ്പുകളും ഇല്ലായിരുന്നെന്ന് ആരോപണം. കൊല്ലം സ്വദേശിയായ ജെയിംസ് ജോർജും (48), സുഹൃത്ത് സായ്‌ലി രാജേന്ദ്ര സർജെ(27)യുമാണ് മരിച്ചത്. ഇന്നലെ അപകടം നടന്ന സമയത്ത് കനത്ത മഴയുണ്ടായിരുന്നു, വഴി പരിചയമില്ലാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് കരുതുന്നത്. വിനോദയാത്രയ്ക്കായി എത്തിയവരായിരുന്നു ഇവർ. കൊച്ചിയിലെ ഒരു സ്ഥാപനത്തിൽ നിന്നും വാടകയ്ക്ക് എടുത്ത കാറിലാണ് കുമരകത്തെത്തിയത്. ഹൗസ് ബോട്ടിൽ സഞ്ചരിക്കുന്നതിനാണ് ഇവർ എത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

മഴ ശക്തമായി പെയ്തിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ സാധിക്കില്ലായിരുന്നു. ഗൂഗിൾ മാപ്പ് വഴി ആയിരിക്കും ഇവർ യാത്ര ചെയ്തതെന്നും സംശയിക്കുന്നു. ചില്ല് തകർത്താണ് ഇരുവരെയും പുറത്തെടുത്തത്. ഇവരുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തുന്നത്. സെക്കന്‍റുകള്‍ക്കുള്ളില്‍ കാർ വെള്ളത്തിൽ മുങ്ങിത്താണു. നല്ല ഒഴുക്കും ആഴവും ചളിയും ഉള്ള ഭാഗമായതിനാൽ കാർ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുടെ സ്കൂബ ഡൈവിങ്ങ് ടീമാണ് ചളി നിറഞ്ഞ കാർ പുറത്തെടുത്തത്.

ഒരു പാട് പേർ യാത്ര ചെയ്യുന്ന ചേർത്തല – കുമരകം റോഡിൽ കൈപ്പുഴമുട്ട് പാലത്തിൽ സിഗ്നൽ ലൈറ്റോ , റിഫ്ലക്ടർ സംവിധനമോ, ദിശാ സൂചന ബോർഡോ ഇല്ലായിരുന്നു. അപരിചിതരായ യാത്രക്കാർ ഇതുവഴി സഞ്ചരിക്കുമ്പോൾ ഇത് അപകടത്തിന് കാരണമാകുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. ഈ ഭാഗത്തെ ആറിന് 15 അടി താഴ്ചയുണ്ട്. ഒരേ ദിശയിൽ പെട്ടെന്ന് തിരിച്ചറിയാത്ത തരത്തിലുള്ളതാണ് പാലത്തോട് ചേർന്ന സർവീസ് റോഡും പ്രധാന റോഡും. ടൂറിസം ബോട്ടുകളും കൃഷി ആവശ്യത്തിനുള്ള കേവുവള്ളങ്ങും എത്തുന്ന കൈപ്പുഴയാറിന്റെ കടവിലേക്കുള്ളതാണ് സർവീസ് റോഡ്. ഈ റോഡിന് സാമാന്യം വലുപ്പമുള്ളത് കൊണ്ട് പ്രധാന റോഡാണെന്ന് പലരും തെറ്റിദ്ധരിച്ച് അപകടത്തില്‍ പ്പെടുന്നുണ്ട്. കുമരകം ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ വിദേശികള്‍ അടക്കം സഞ്ചരിക്കുന്ന പ്രീമിയം ഹൗസ് ബോട്ടുകൾ സർവീസ് നടത്തുന്നത് അപകടം നടന്ന ഈ ഭാഗത്തു നിന്നാണ്. ഇത്രയേറെ പ്രാധാന്യം ഉള്ള പ്രദേശമായിട്ടും യാതൊരുവിധ സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്തത് ഹൗസ് ബോട്ട് മേഖലയിൽ ഉള്ളവർ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.