കുട്ടികളുടെ അശ്ലീല വീഡിയോ കണ്ടാൽ പിടി വീഴും; സുപ്രധാന വിധിയുമായി സുപ്രീംകോടതി

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നതിനെ വിലക്കി സുപ്രീം കോടതി. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും സുക്ഷിക്കുന്നതും പോക്സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പറഞ്ഞത്.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹെെക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി ഉത്തരവ്. വിധി പുറപ്പെടുവിക്കുന്നതില്‍ ഹെെക്കോടതി ഗുരുതര പിഴവ് വരുത്തിയതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ എന്ന് പറയുന്നത് മാറ്റണമെന്നും പകരം ലെെംഗിക ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ വസ്തുക്കള്‍ എന്നാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ പാർലമെന്റിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.