അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍; ഡ്രഡ്‌ജർ എത്തി.. തെരച്ചിൽ ഇന്ന് പുനരാരംഭിക്കും

ബംഗളൂരു: കർണാടക ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് കര്‍ണാടക സ്വദേശികള്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് പുനരാരംഭിക്കും. ഡ്രെഡ്ജര്‍ ഉപയോഗിച്ചാണ് പരിശോധന. ഇതിനായി ഗോവ തുറമുഖത്ത് നിന്നെത്തിച്ച ഡ്രെഡ്ജര്‍ ഇന്ന് രാവിലെ ഷിരൂരില്‍ എത്തി. പുഴയില്‍ നാവികസേന അടയാളപ്പെടുത്തിയ ഇടത്തെ മണ്ണും കല്ലുകളുമാണ് ഡ്രെഡ്ജര്‍ ഉപയോഗിച്ച് ആദ്യം നീക്കം ചെയ്യുക

ഗംഗാവാലി പുഴയില്‍ തെരച്ചിലിന് അനുയോജ്യമായ കാലാവസ്ഥ ആണെന്നാണ് പൊതുവേ വിലയിരുത്തുന്നത്.
മൂന്ന് നോട്‌സിനു താഴെയാണ് നദിയിലെ നീരൊഴുക്ക്. ഇതിനു മുന്‍പ് പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായത് തെരച്ചിലിനെ കാര്യമായി ബാധിച്ചിരുന്നു. നാവികസേന നടത്തിയ സോണാർ സിഗ്നലുകൾ വിലയിരുത്തി ഇന്ന് ജില്ലാ ഭരണകൂടത്തിന് വിവരം കൈമാറും. സിപി 4 എന്ന് നാവികസേന മാർക്ക് ചെയ്ത പുഴയുടെ മധ്യഭാഗത്ത് തുരുത്തിന് സമീപം ആകും ആദ്യം തെരയുക. അവിടത്തെ നദിയുടെ അടിത്തട്ടിന്റെ സ്ഥിതി ആണ് സോണാർ പ്രധാനമായും വെച്ച് പരിശോധിച്ചത്. പുഴയുടെ അടിത്തട്ടിൽ വലിയ തടസം ഉണ്ടാവാം എന്നാണ് വിലയിരുത്തൽ.
നേരത്തെ ലോഹ ഭാഗങ്ങൾ കണ്ടെത്തിയ ഭാഗത്താണ് ആദ്യഘട്ട പരിശോധന നടത്തുന്നത്