അജ്മലിന്റെത് ഇൻഷുറൻസ് ഇല്ലാത്ത കാർ; യുവതിയെ ഇടിച്ചു കൊന്ന ശേഷം ഓൺലൈൻ വഴി പുതുക്കി

കൊല്ലം : മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്മലിന്റെ കാറിന് ഇൻഷുറസ് ഉണ്ടായിരുന്നില്ലെന്ന് നിര്‍ണായക കണ്ടെത്തല്‍. ഇൻഷുറൻസ് കാലാവധി 2023 ഡിസംബർ 13ന് അവസാനിച്ചിരുന്നു. അതേ സമയം അപകടത്തിന് ശേഷം പ്രതികൾ ഇൻഷുറൻസ് പുതുക്കി.യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ നിന്നും പോളിസി ഓൺലൈൻ വഴിയാണ് ഇൻഷുറൻസ് പുതുക്കിയത്. കാറിന്റെ ആര്‍.സി അജ്മലിന്റെ സുഹൃത്തിന്റെ അമ്മയുടെ പേരിലാണുള്ളത്. KL Q 23 9347 നമ്പറിലുള്ള കാറാണ് യുവതിയെ ഇടിച്ചത്.

അതിനിടെ, കേസിലെ പ്രതികളായ ഡോക്ടർ ശ്രീക്കുട്ടിയെയും അജ്മലിനെയും കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പോലീസ് ഇന്ന് കോടതിയെ സമീപിക്കും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഒളിവിൽ പോയ ഇടങ്ങളിലും സംഭവം നടന്ന സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പോലീസിന്റെ തീരുമാനം. നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രതികളുള്ളത്.

മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളാണ് (45) മരിച്ചത്. പ്രതികൾ ഓടിച്ചിരുന്ന കാര്‍ സ്കൂട്ടറില്‍ ഇടിക്കുകയും, തെറിച്ചു വീണ യുവതിയെ രക്ഷപ്പെടുത്താൻ തുനിയാതെ കാർ ശരീരത്തിലൂടെ കയറ്റി മുന്നോട്ട് എടുക്കുകയുമായിരുന്നു. ഇതേ തുടർന്ന് നരഹത്യ കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കാറോടിച്ച സമയത്ത് ഇരുവരും മദ്യലഹരിയിൽ ആയിരുന്നു. കാർ മുന്നോട്ടെടുക്കാന്‍ അജ്മലിന് ഡോക്ടർ ശ്രീക്കുട്ടിയാണ് നിർദേശം നൽകിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അജ്മൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.