ഇ.പി മുഖ്യമന്ത്രിയെ കണ്ടു ; തെറ്റായി വ്യാഖ്യാനിക്കേണ്ടെന്ന് ഇ.പി

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. കൂടിക്കാഴ്ചക്ക് ശേഷം, മുഖ്യമന്ത്രിയെ കണ്ടത് തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും രാഷ്ട്രീയം പിന്നെ ചർച്ച ചെയ്യാമെന്നും ഇ.പി പ്രതികരിച്ചു. ഇ.പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

“കഴിഞ്ഞ ദിവസവും മുഖ്യമന്ത്രിയെ കണ്ടിരുന്നു. അദ്ദേഹത്തെ കാണാറുണ്ട്, സംസാരിക്കാറുണ്ട്. അദ്ദേഹത്തിന്‍റെ വീട്ടിൽ പോകാറുണ്ട്. അദ്ദേഹം ഡൽഹിയിൽ വരുന്നുണ്ടെങ്കിൽ പരസ്പരം കണ്ടിട്ടേ മടങ്ങാറുള്ളൂ. ഞങ്ങളൊരു പാർട്ടി കുടുംബത്തിലെ അംഗങ്ങളാണ്. ഞങ്ങളെല്ലാം തമ്മിൽ സ്നേഹവും ആദരവും ഉണ്ട് .ഇന്നത്തെ പ്രശ്നവും ചർച്ചയും യെച്ചൂരിയുടെ വിട വാങ്ങൽ ആണ്. മറ്റ് രാഷ്ട്രീയ വിഷയങ്ങൾ പിന്നീട് സംസാരിക്കും ” ഇങ്ങനെയായിരുന്നു
ഇ. പി ജയരാജന്റെ പ്രതികരണം.

ബിജെപി നേതാവായ പ്രകാശ് ജാവദേക്കറും ദല്ലാൾ നന്ദകുമാറുമായുള്ള ഇ.പി യുടെ കൂടിക്കാഴ്ച വിവാദമായിരുന്നു, തെരഞ്ഞെടുപ്പ് ദിനത്തിൽ തന്നെയുള്ള ഇ പി ജയരാജന്‍റെ ഇക്കാര്യത്തിലുള്ള വെളിപ്പെടുത്തൽ  പാർട്ടിക്കുള്ളിൽ ഏറെ വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു. ഇതേ തുടര്‍ന്ന് പാർട്ടി ഇ.പി ജയരാജനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.

“ഇ.പി ജയരാജൻ എല്ലാവരോടും കൂട്ടുകൂടും. നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്, പാപിയുമായി ശിവൻ കൂട്ടുകൂടിയാൽ ശിവനും പാപിയായി മാറും. കൂട്ടുകെട്ടുകളിൽ ജാഗ്രത പുലർത്തണം. ഉറങ്ങി എഴുന്നേറ്റാൽ ആരെ പറ്റിക്കുമെന്ന് ചിന്തിക്കുന്നവരുണ്ട് അത്തരക്കാരുമായുള്ള ലോഗ്യം, സൗഹൃദം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. സഖാവ് ഇ.പി ജയരാജൻ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്താറില്ലെന്ന് നേരത്തെ അനുഭവം ഉള്ളതാണ് ” വിവാദ വിഷയത്തില്‍ ഇങ്ങനെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം.