വയനാട് ഉരുൾപൊട്ടലിൽ ശ്രുതിയ്ക്ക് നഷ്ടമായത് അച്ഛനും അമ്മയും സഹോദരിയുമുൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെയാണ്. എല്ലാവരേയും നഷ്ടമായ ശ്രുതിയെ അന്ന് മുതല്‍ ചേർത്തു പിടിച്ചത് പ്രതിശ്രുത വരൻ ജെൻസനായിരുന്നു. ദുരിതാശ്വാസ ക്യാമ്പില്‍ ഒരു നിഴലായി ശ്രുതിക്കൊപ്പം എല്ലാ സമയവും ഉണ്ടായിരുന്ന ജെയ്സന്‍റെ ചിത്രം മലയാളികളുടെ മനസില്‍ നിന്ന് അത്ര പെട്ടെന്നൊന്നും മാഞ്ഞു പോകില്ല. എന്നാൽ എല്ലാവരെയും കണ്ണീരിലാഴ്ത്തി വാഹന അപകടത്തില്‍ ജെൻസനും ശ്രുതിയെ വിട്ടു പോയിരിക്കുകയാണ്. ഇതോടെ വീണ്ടും തനിച്ചായ ശ്രുതിക്ക് ആശ്വാസ വാക്കുകളുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടിയും ഫഹദ് ഫാസിലും ഉള്‍പ്പെടെയുള്ളവര്‍.
വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിയ്ക്ക് കഴിയട്ടെ, ദുരന്തമുഖങ്ങളിലുണ്ടാവുന്ന നഷ്ടങ്ങൾക്ക് എന്ത് പകരം നൽകിയാലും അത് മതിയാകില്ല, ശ്രുതിയുടെ കൂടെ ഈ നാട് തന്നെ ഉണ്ടാകുമെന്ന ഉറപ്പാണ് നമുക്കിപ്പോൾ നൽകാൻ സാധിക്കുകയെന്നാണ് മുഖ്യമന്ത്രി പിണറായി വി ജയൻ ഫേസ്ബുക്കിൽ കുറിച്ചത്.
മഹാ നടന്‍ മമ്മൂട്ടിയും ആശ്വാസ വാക്കുകളുമായെത്തി, ‘ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു, ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണ്, സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും.. ഇങ്ങിനെയാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആശ്വാസ വാക്കുകളായെത്തി , ഒരു വാക്കുകളും ഇല്ല പ്രിയപ്പെട്ട ശ്രുതിയെ ആശ്വസിപ്പിക്കാൻ. ഏത് പ്രതിസന്ധിയും അതിജീവിക്കാൻ ശ്രുതിക്ക് കരുത്തുണ്ടാകട്ടെ. ഒരു വിളിക്കപ്പുറം എന്ത് സഹായത്തിനും ഒരു നാട് ശ്രുതിക്കൊപ്പം ഉണ്ടാകുമെന്നാണ് വി.ഡി സതീശൻ തൻ്റെ ഫേസ്ബുക്കിൽ കുറിച്ചത്.
‘കാലത്തിൻ്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ ‘ എന്നാണ് ജെൻസൻ്റെ ചിത്രം പോസ്റ്റ് ചെയ്ത് ഫഹദ് ഫാസില്‍ കുറിച്ചത്. ഫഹദിൻ്റെ ആരാധകരിൽ നിരവധി പേരാണ് പോസ്റ്റില്‍ ജെൻസന് ആദരാജ്ഞലി അർപ്പിച്ചു കൊണ്ടെത്തിയത്.
കഴിയുമെങ്കിൽ ആ പെൺകുട്ടിയുടെ അരികെ നസ്രിയെയും കൂട്ടി ചെല്ലണം, ഒരു സമാധാന വാക്ക് പറഞ്ഞു ആശ്വസിപ്പിക്കണമെന്നും ഒരു കമന്‍റില്‍ ആരാധകന്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ശ്രുതിയും ജെൻസനും സഞ്ചരിച്ച വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. കോഴിക്കോട് ബന്ധുവിൻ്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രി മരിച്ചത്. പ്രകൃതി ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട് ഒന്നര മാസം തികയും മുമ്പാണ് ഒരേയൊരു താങ്ങായിരുന്ന ശ്രുതിയെ വിട്ട് പ്രതിശ്രുത വരനും പോയത്. ഈ വരുന്ന ഡിസംബർ മാസത്തിൽ ജെൻസൻ്റെയും ശ്രുതിയുടെയും വിവാഹം നടക്കാനിരിക്കെയാണ് ശ്രുതിയെ തേടി മറ്റൊരു ദുരന്തം കൂടി വന്നെത്തിയത്. ജെൻസൻ്റെ സംസ്കാരം ഇന്ന് വൈകിട്ട് ആണ്ടൂരിൽ നടക്കും.