വാഹനം ഇടിച്ച് പരിക്കേറ്റയാളെ മുറിയിൽ പൂട്ടിയിട്ടു; 55 കാരന് ദാരുണാന്ത്യം

തിരുവനന്തപുരം : വെള്ളറടയിൽ വാഹനം ഇടിച്ച് പരിക്കേറ്റയാളെ വാഹനമിടിച്ചവർ റോഡരികിലുള്ള മുറിക്കുള്ളിൽ പൂട്ടിയിട്ട് കടന്നു കളഞ്ഞു.ഇതേ തുടർന്ന് വാഹനം ഇടിച്ചു പരിക്കേറ്റ കലുങ്ക് നട സ്വദേശി സുരേഷ് (55) മുറിക്കുള്ളിൽ വച്ചു തന്നെ മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് കൊടും ക്രൂരത പുറം ലോകമറിഞ്ഞത്.

കഴിഞ്ഞ ഏഴാം തീയതി രാത്രിയാണ് സംഭവം നടന്നത്. രാത്രി റോഡിൽ നിൽക്കുമ്പോൾ ബൈക്കിൽ എത്തിയ രണ്ടു പേർ സുരേഷിനെ ഇടിച്ചു. തുടർന്ന് ബൈക്ക് നിർത്തി ഇവർ സുരേഷിനെ എടുത്ത് തൊട്ടടുത്ത റൂമിനടുത്തേക്ക് വരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. സുരേഷ് താമസിക്കുന്നത് ഈ റൂമിലാണ്. സുരേഷിനെ അവിടെ കിടത്തിയ ശേഷം രണ്ടു പേരും രക്ഷപ്പെട്ടു പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയിൽ മുറിക്കുള്ളിൽ കാണുന്നത്. ഇതേ തുടർന്ന് പോലീസ് എത്തുകയും മൃതദ്ദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മുറിക്കുള്ളിൽ ഇയാളെ പൂട്ടിയിട്ടത് എന്തു കൊണ്ടാണ് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജ്ജതമാക്കി.