‘മനുവിനോടുള്ള പി. ജയരാജിന്റെ പ്രതികരണം പ്രകോപനപരം’ – വിശദീകരണം തേടി സിപിഎം

തിരുവനന്തപുരം : സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനോട് വിശദീകരണം തേടി സിപിഎം. പാർട്ടിയിൽ നിന്ന് പുറത്തുപോയ യുവ നേതാവ് മനു തോമസുമായുണ്ടായ ഏറ്റുമുട്ടലിനെ ചൊല്ലിയാണ് വിശദീകരണം തേടിയത്.
മനുവുമായുള്ള വിഷയം വഷളാക്കിയത്. പി ജയരാജനാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
മനു പുറത്തായതിന് പിന്നാലെ, ‘മാധ്യമങ്ങളുടെ സിപിഎം വിരുദ്ധതയാണ് മനുവിന് പോരാളി പരിവേഷം നൽകുന്നത്.

15 മാസമായി ഒരു രാഷ്ട്രീയ പ്രവർത്തനവും മനു നടത്തിയിട്ടില്ല. പാർട്ടി ജില്ലാ കമ്മിറ്റി അംഗമെന്ന നിലയിൽ വ്യാപാര സംരംഭങ്ങളിൽ നിന്ന് ഒഴിവാകാൻ മനുവിനോട് പാർട്ടി ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല’ – ജയരാജൻ സാമൂഹ്യ മാധ്യമത്തില്‍ ഇങ്ങനെ വിമർശനം ഉന്നയിച്ചിരുന്നു. ജയരാജന്റെ ഈ പ്രതികരണം പ്രകോപനപരമായി എന്നാണ് സെക്രട്ടറിയേറ്റിന്റെ നിഗമനം. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റും ഇതേ വിലയിരുത്തലായിരുന്നു നടത്തിയിരുന്നത്.

ജയരാജിന്റെ ഈ കുറിപ്പിന് മറുപടിയായി കടുത്ത വിമർശനത്തോടെ മനുവും രംഗത്ത് എത്തിയിരുന്നു.
“പി ജയരാജന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണ്, ഉന്നത പദവിയിലിരുന്ന് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ നേതാവാണ്. പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിച്ചു. നാട്ടിലും വിദേശത്തും മകനെയും ക്വട്ടേഷൻ സംഘത്തെയും ഉപയോഗിച്ച് കച്ചവടങ്ങൾ കെട്ടിപ്പൊക്കി. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിയെ മാറ്റി” – ഇങ്ങനെ ആയിരുന്നു മനുവിന്‍റെ വിമര്‍ശനങ്ങള്‍. ഈ വിമര്‍ശനം പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കിയിരുന്നു.