കോഴിക്കോട്:അന്തർദേശീയ പേസ്മെന്ററി ആർട്ട് എക്സിബിഷൻ സെപ്റ്റംബർ 8 മുതൽ 18 വരെ കോഴിക്കോട് കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ നടക്കും. സംരംഭകനും പേസ്മെന്ററി ആർടിസ്റ്റുമായ ബാബു കൊളപ്പള്ളിയുടെ പേസ്മെന്ററിവാൾ ഇൻസ്റ്റലേഷന്റെ ആദ്യ
പ്രദർശനമാണിത്. രാവിലെ 11 മുതൽ വൈകീട്ട് 7 മണി വരെയാണ് പ്രദർശനം.
നൂലിന്റെ കലാ സാധ്യതകളെ അടിസ്ഥാനമാക്കിയുള്ള കരകൗശല വേലയാണ് പേസ്മെന്ററി ആർട്ട് ആൻഡ് ക്രാഫ്റ്റ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ കലാ രൂപത്തിൽ ജപ്പാനീസ് കുമിഹിമോ, ക്രോഷെട്ട്, മക്രാമി, ഹാൻഡ് വീവിങ്ങ് എന്നിവയെല്ലാം ഉൾപ്പെടുന്നു. നൂലും അനുബന്ധ വസ്തുക്കളും കൈത്തറിയും സവിശേഷ മാതൃകയിൽ കെട്ടിയും മെടഞ്ഞും പിരിച്ചും ഉണ്ടാക്കുന്ന വസ്തുക്കൾ രാജ്യത്തിനകത്തും പുറത്തുമുള്ള ഫാഷൻ ഡിസൈനിങ്ങിനും ഹോം ഫർണിഷിങ്ങിനും മാറ്റ് കൂട്ടൂന്നവയാണ്.
പേസ്മെന്ററി മേഖലയിൽ ബാബു കൊളപ്പള്ളിയുടെ നൂതന പരീക്ഷണമാണ് ‘പേസ്മെന്ററി വാൾ ഇൻസ്റ്റലേഷൻ’ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബാബു കൊളപ്പള്ളി ഈ മേഖലയില്‍ മുപ്പതിലധികം വർഷത്തെ പ്രവർത്തന പരിചയമുള്ള നൂലലങ്കാര വിദഗ്ദനാണ്. ഇന്ത്യയിൽ അത്ര പരിചിതമല്ലാത്ത ഈ കലാരൂപത്തില്‍ ബാബു കൊളപ്പള്ളി യൂറോപ്പിൽ നിന്നാണ് വൈദഗ്ധ്യം നേടിയത്. കാലിക്കറ്റ്, പോണ്ടിച്ചേരി, മലയാളം സർവ്വകലാശാലകൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബാബു പേസ്മെന്‍ററി ആര്‍ട്ടിനെ കുറിച്ച് ക്ലാസുകൾ എടുത്തിട്ടുണ്ട്.
ഏറെ സാധ്യതകളുള്ള ഈ കലാരൂപത്തെ ജനകീയമാക്കാൻ കുട്ടികള്‍ക്ക് ഇത് ഒരു പഠന വിഷയം ആക്കണം എന്നാണ് ബാബു കൊളപ്പള്ളിയുടെ അഭിപ്രായം. പേസ്മെന്‍ററി ആര്‍ട്ടിനെ കുറിച്ചുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ ഒരു ആധികാരിക പുസ്തകം ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ബാബു
രൂപ ടെക്സ്റ്റൈൽസ്, അഭയം ചാരിറ്റബിൾ സൊസൈറ്റി എന്നിവ സംയുക്തമായി ഒരുക്കുന്ന പ്രദർശനത്തോടൊപ്പം കലാവസ്തുക്കളുടെ വിൽപ്പനയും ഉണ്ടായിരിക്കും. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം ഭിന്നശേഷി കുട്ടികൾക്കായി പ്രവർത്തിക്കുന്ന ചേമഞ്ചേരി അഭയം ചാരിറ്റബിൾ സൊസൈറ്റിക്കായി ചെലവഴിക്കും. പ്രദർശനത്തോടനുബന്ധിച്ച് പേസ്മെന്ററി, ഫൈബർ ആർട്ട് ആൻഡ് ക്രാഫ്റ്റ് എന്നീ വിഷയങ്ങളിൽ സോദാഹരണ ക്ലാസുകളും പ്രഭാഷണങ്ങളും കലാപരിപാടികളും ഉണ്ടായിരിക്കും.