ചങ്ങാത്തം സ്ഥാപിച്ച് സയനൈഡ് പാനീയം നൽകും; കുപ്രസിദ്ധ സ്ത്രീ മോഷ്ടാക്കള്‍ അറസ്റ്റിൽ

 

ആന്ധ്ര: കുപ്രസിദ്ധ മോഷ്ടാക്കളായ മൂന്ന് സ്ത്രീകൾ ആന്ധ്രയിലെ തെന്നാലിയില്‍ അറസ്റ്റിൽ. മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുൽറ രമണമ്മ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അപരിചിതരുമായി ചങ്ങാത്തം സ്ഥാപിച്ച ശേഷം അവർക്ക് സയനൈഡ് കലർത്തിയ പാനീയം നൽകി സ്വർണവും പണവും കവരുകയാണ് ഇവരുടെ രീതി. ഇവരുമായി പരിചയപ്പെടുന്നവർ പാനീയങ്ങൾ കുടിക്കുന്നതോടെ ഉടൻ മരിക്കും. തുടര്‍ന്ന് പ്രതികൾ വിലപിടിപ്പുള്ള വസ്തുക്കളും പണവും മോഷ്ടിക്കും.

ജൂണിൽ നാഗൂര് ബി എന്ന സ്ത്രീ കൊല്ലപ്പെട്ടതോടെയാണ് കൊലപാതകങ്ങളുടെ ചുരുൾ അഴിയുന്നത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. നാല് പേരെയാണ് പ്രതികളായ മൂന്ന് പേരും സമാന രീതിയിൽ കൊലപ്പെടുത്തിയത്.
രണ്ട് പേരെ കൂടി കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇവർ രക്ഷപ്പെട്ടു. പ്രതികളുടെ പക്കൽ നിന്ന് സയനൈഡും മറ്റ് തെളിവുകളും കണ്ടെത്തിയിട്ടുണ്ട്