ബലാത്സംഗ ആരോപണം വ്യാജമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍.. പരാതിക്ക് പിന്നിൽ സസ്പെൻഷനിലായ എസ് ഐ

 

മലപ്പുറം: വീട്ടമ്മയെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തിന് പിന്നാലെ പ്രതികരിച്ച് ആരോപണ വിധേയനും പൊന്നാനി സി.ഐ. യും ആയിരുന്ന വിനോദ് കുമാര്‍ രംഗത്തെത്തി. പരാതി വ്യാജമാണെന്നും പരാതിക്ക് പിന്നിൽ താനൂര്‍ കസ്റ്റഡി മരണക്കേസില്‍ സസ്‌പെന്‍ഷനിലായ എസ്.ഐ. കൃഷ്ണലാല്‍ ആവാനുള്ള സാധ്യതയുണ്ടെന്നും വിനോദ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പരാതിക്കാരി പലര്‍ക്കെതിരേയും വ്യാജ പരാതി ഉന്നയിച്ച് കോടതിക്ക് പുറത്ത് പണം വാങ്ങി കോംപ്രമൈസ് ചെയ്യുന്ന വ്യക്തിയാണെന്ന് തന്നോട് ചില പോലീസുകാര്‍ പറഞ്ഞതായും വിനോദ് കുമാര്‍ പറഞ്ഞു.
ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ പരാതിയുമായി വീട്ടമ്മ വന്നിരുന്നു. എസ്.ഐ. കൃഷ്ണലാലിനും ഇതിൽ പങ്കു ലഭിക്കുമെന്ന് തനിക്ക് രഹസ്യ വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് വീട്ടമ്മയുടെ പരാതിയില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ചു. പിന്നാലെ, സ്റ്റേഷനിലെത്തിയ സ്ത്രീ, തനിക്ക് കിട്ടേണ്ട പണം നിങ്ങള്‍ കാരണം നഷ്ടമായന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു. കേസെടുക്കേണ്ട സംസാരിച്ച് കോംപ്രമൈസ് ആക്കിയാല്‍ മതിയെന്നും പറഞ്ഞു. കേസെടുക്കുകയാണ് നടപടിയെന്ന് മറുപടി പറഞ്ഞയച്ചു

എസ്.ഐ. കൃഷ്ണലാലിന്റെ വീട്ടില്‍ സഹായത്തിന് പോകുന്ന ആളാണ് പരാതിക്കാരിയെന്ന് പിന്നീട് അറിഞ്ഞു
തനിക്കെതിരെ ലഭിച്ച പരാതിയില്‍ ആദ്യം ഡിവൈ.എസ്.പി. ബെന്നിയും പിന്നീട് സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം നടത്തി അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും വിനോദ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു