മലയാളികൾക്ക് സന്തോഷ വാർത്ത.. മെസിയും കൂട്ടരും പന്ത് തട്ടാൻ അടുത്ത വര്‍ഷമെത്തും

കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മെസ്സിയുടെ അർജൻ്റിനാ ടീം. അടുത്ത വർഷം ഒക്ടോബറിൽ മെസിയും ടീമും സൗഹൃദ മത്സരത്തിനായി കേരളത്തിൽ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. കായിക മന്ത്രിയായ വി അബ്ദു റഹിമാൻ സ്പെയിനിലെത്തിയ ശേഷം അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്.

തങ്ങളുടെ ദേശീയ ടീമിനെ രണ്ട് മത്സരങ്ങൾ കളിപ്പിക്കാനായി കേരളത്തിലേക്ക് അയക്കാൻ എഎഫ്എ സന്നദ്ധത പ്രകടിപ്പിച്ചെന്നാണ് കായിക മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചത്. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമാണ് തിരഞ്ഞെടുക്കുക. സ്റ്റേഡിയം പരിശോധിക്കുന്നതിന് വേണ്ടി അര്‍ജന്റീന ടീം അധികൃതര്‍ നവംബര്‍ ആദ്യ വാരം കൊച്ചിയിലെത്തുമെന്നും അറിയുന്നു. തങ്ങളുടെ ദേശീയ ടീമിന് എതിരെ കളിക്കാൻ കഴിയുന്ന ടീമുകളുടെ പട്ടിക നൽകാൻ എഎഫ്എ ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലിസ്റ്റ് സമർപ്പിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ എഎഫ്എ എതിരാളികളെ തിരഞ്ഞെടുക്കും.

കേരളത്തിൽ വിവിധയിടങ്ങളിൽ സർക്കാരുമായി ചേർന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അക്കാദമികൾ സ്ഥാപിക്കാനും തീരുമാനമുണ്ട്. അർജന്റീന ഫുട്ബോൾ ഫെഡറേഷനുമായി കായിക വകുപ്പ് അധികൃതർ കഴിഞ്ഞ വർഷം തന്നെ ഇതു സംബന്ധിച്ചുള്ള ചർച്ചകൾ നടത്തിയിരുന്നു. അര്‍ജന്റീനാ ടീം കേരളത്തിലെത്തുന്ന സമയവും തീയതിയും ഔദ്യോഗികമായി പിന്നീടായിരിക്കും അറിയിക്കുക.

അർജൻ്റീന ടീമിൻ്റെയും എതിരാളികളുടെയും ചിലവ് സംസ്ഥാനം വഹിക്കേണ്ടി വരും. അത് വളരെ വലുതായിരിക്കും. അർജൻ്റീന നമ്മുടെ ദേശീയ ടീമിനെതിരെ കളിക്കാൻ സമ്മതിക്കുകയാണെങ്കിൽ അത് ഇന്ത്യൻ ടീമിന് വലിയ ഉത്തേജനമാകും. അതേ സമയം ലോക ചാമ്പ്യന്മാർ ഫിഫ റാങ്കിങ്ങിൽ തങ്ങളേക്കാൾ ഏറെ താഴെയുള്ള ടീമുമായി കളിയ്ക്കാൻ സാധ്യതയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മെസ്സി ഉള്‍പ്പെടെയുള്ള അര്‍ജന്റീനാ ടീം ഇന്ത്യയില്‍ കളിക്കാന്‍ നേരത്തേ തന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. വലിയ ചെലവ് താങ്ങാനാവാത്തതിനാല്‍ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തിയെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുന്നത്.