ഒരു മനുഷ്യൻ ഒരു ദിവസത്തിൽ 6 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഉറക്കമില്ലായ്മ മനുഷ്യൻ്റെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അത് മാനസികാരോഗ്യ പ്രശ്നത്തിനും വഴിവെച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അതു കൊണ്ട് ഒരു ദിവസം 6 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുന്നത് ആരോഗ്യ ഉന്മേഷത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും അത്യാവശ്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഇതിനെയെല്ലാം തിരുത്തിക്കൊണ്ടാണ് ജപ്പാനില്‍ നിന്നുള്ള ഒരു വാര്‍ത്ത വരുന്നത്. ഡെയ്സുകെ ഹോറി എന്ന യുവാവ് 12 വർഷമായി 30 മിനിറ്റ് മാത്രമാണത്രെ ഉറങ്ങുന്നത്. കുറച്ച് സമയം മാത്രം ഉറങ്ങുന്നതുമായി തൻ്റെ ശരീരം പൊരുത്ത പ്പെട്ടെന്നാണ് ഹ്യോഗോയിൽ നിന്നുള്ള 40 വയസ്സുകാരനായ ഹോറിയുടെ വാദം. ഉറക്കമില്ലായ്മ തൻ്റെ പ്രവർത്തന ക്ഷമതയെ മെച്ചപ്പെടുത്തിയെന്നും ഹോറി അവകാശപ്പെടുന്നു.
ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പ് നിങ്ങൾ വ്യായാമം ചെയ്യുകയോ കാപ്പി കുടിക്കുകയോ ചെയ്യുകയാണെങ്കിൽ ഉറക്കം ഒഴിവാക്കാൻ കഴിയുമെന്ന് ഇയാള്‍ പറയുന്നു. എത്ര സമയം ഉറങ്ങി എന്നതിനേക്കാൾ എത്ര ആഴത്തിൽ ഉറങ്ങി എന്നതാണ് പ്രധാനം, ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളാണെങ്കിൽ ദൈർഘ്യമേറിയ ഉറക്കത്തേക്കാൾ നല്ലത് കുറച്ച് സമയത്തെ നല്ല ഉറക്കമാണെന്നും ഹോറി പറയുന്നു.
കൂടാതെ തായ് എൻഗോക്ക് എന്ന 80 വയസ്സുള്ള വിയറ്റ്നാമീസുകാരനും ഇതേ പക്ഷക്കാരനാണ്. താൻ 60 വർഷത്തിൽ ഏറെയായി ഉറങ്ങിയിട്ടില്ലെന്നാണ് ഇയാള്‍ പറയുന്നത്. 1962ൽ പനി പിടി പെട്ടതോടു കൂടി തനിക്ക് ഉറങ്ങാനുള്ള കഴിവ് നഷ്ടപ്പെട്ടെന്നാണ് എൻഗോക് വ്യക്തമാക്കിയത്.