പശുക്കടത്തെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ വെടി വെച്ച് കൊന്ന സംഭവം; 5 പേർ അറസ്റ്റിൽ

ഹരിയാന: ഫരീദാബാദിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ പശുക്കടത്തുകാരനെന്ന് ആരോപിച്ച് ഗോ സംരക്ഷണ സംഘം വെടി വച്ച് കൊന്ന സംഭവത്തിൽ 5 പേരെ അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 23നാണ് ഡൽഹി-ആഗ്ര ദേശീയ പാതയിൽ ഹരിയാനയിലെ ഗധ്പുരിക്ക് സമീപം സംഭവം നടന്നത്. കൊല്ലപ്പെട്ട ആര്യൻ മിശ്ര, സുഹൃത്തുക്കളായ ഷാങ്കി, ഹർഷിത്ത് എന്നിവർ കാറിൽ സഞ്ചരിക്കുകയായിരുന്നു. നഗരത്തിൽ നിന്ന് ചിലർ കന്നുകാലികളെ കാറിൽ കൊണ്ടു പോകുന്നതായി ഗോസംരക്ഷണ സേനയ്ക്ക് വിവരം ലഭിച്ചുവെന്ന് പറയുന്നു. ഗോ സംരക്ഷ സേന ആര്യൻ മിശ്രയും സുഹൃത്തുക്കളും സഞ്ചരിച്ച കാറിന് കൈകാണിക്കുകയും നിർത്താതെ പോയ കാറിനെ പിന്തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു. മുപ്പത് കിലോമീറ്ററോളം ദൂരം പിന്തുടർന്നാണ് വെടിവെച്ചത്. ആര്യൻ മിശ്ര സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. മറ്റ് 2 സുഹൃത്തുക്കള്‍ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.

അതേസമയം കാറിലുള്ളവർക്ക് പശുക്കടത്തുമായി ഒരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും നിയമ വിരുദ്ധമാണെന്ന് പൊലീസ് കണ്ടെത്തി. പ്രതികൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്