കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും ആരോപണങ്ങളുമായി പുറത്താക്കിയ സിമി റോസ് ബെൽ ജോൺ. ഹൈബി ഈഡൻ തനിക്കെതിരെ പ്രവർത്തിച്ചുവെന്ന് സിമി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് കർണാടകയിൽ നിന്ന് കായവണ്ടിയിൽ 40 കോടി എത്തിയെന്നും ആരോപിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇന്നും ഉയര്‍ത്തിയത്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെ സംസ്ഥാന ഭാരവാഹിയാക്കാന്‍ സതീശന്‍ തന്നെ ഒതുക്കിയെന്നും ധിക്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയുമാണ് സതീശന്‍ സംസാരിക്കുന്നതെന്നും സിമി ആഞ്ഞടിച്ചു
കോണ്‍ഗ്രസില്‍ നേതാക്കളോട് അടുപ്പമുള്ളവർക്ക് മാത്രമേ അവസരങ്ങൾ ലഭിക്കുന്നുള്ളൂവെന്നും സിനിമയിലേതിന് സമാനമായ ‘കാസ്റ്റിങ് കൗച്ച് ‘ പാര്‍ട്ടിയിലുണ്ടെന്നും സിമി റോസ് കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ‘ദുരനുഭവം ഉണ്ടായ പലരും നേരിട്ട് പറഞ്ഞിട്ടുണ്ട്. അതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ട്. സമയം വരുമ്പോൾ അത് പുറത്തു വിടും. തന്നോട് പരാതി പറഞ്ഞവർക്ക് നല്ല ഉപദേശങ്ങൾ നൽകിയിരുന്നെന്നും സിമി റോസ്ബെൽ ആരോപിച്ചിരുന്നു ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് വനിതാനേതാവ് സിമി റോസ്‌ബെൽ ജോണിനെ ഇന്നലെ പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വിമർശനവുമായി രംഗത്തെത്തിയത്.
നിരവധി പേര്‍ക്ക് പാർട്ടിയിൽ അവസരം നിഷേധിക്കപ്പെടുന്നുണ്ടെന്നും സി.പി.എമ്മുമായി താന്‍ എന്ത് ഗൂഢാലോചനയാണ് നടത്തിയതെന്ന് വി.ഡി. സതീശന്‍ തെളിയിക്കണമെന്നും സിമി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് അദ്ദേഹത്തിന്റെ നിസ്സഹായവസ്ഥ തന്നോട് പറഞ്ഞിട്ടുണ്ട്. 37 വര്‍ഷം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച തന്നെ പുറത്താക്കാന്‍ പരാതി എഴുതിക്കൊടുത്തവരുടെ അര്‍ഹത എന്താണ്. ഇവരെ ജനങ്ങള്‍ അറിയാന്‍ തുടങ്ങിയിട്ട് 2 വര്‍ഷമേ ആയിട്ടുള്ളുവെന്നും വാദി പ്രതിയായെന്നും സിമി റോസ്‌ബെല്‍ ജോണ്‍ ആരോപിച്ചു