പ്രസവ ശസ്ത്രക്രിയയിൽ വീഴ്ചവരുത്തിയ ഗവൺമെൻറ് ആശുപത്രിയിലെ വനിതാ ഡോക്ടർക്കെതിരെ കേസ്. ജയിന്‍ ജേക്കബിനെതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28കാരിയാണ് ദുരനുഭവം നേരിട്ടത്. യുവതിയുടെ വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് ഡോക്ടർ തുന്നിക്കെട്ടുകയായിരുന്നു.
കഴിഞ്ഞ മാസം 23ാം തിയതിയാണ് പ്രസവ വേദനയെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു രാത്രിയിൽ തന്നെ ഓപ്പറേഷൻ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ അതിനുശേഷം യുവതിക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം സ്റ്റിച്ചിട്ട ഭാഗത്തുനിന്നും രക്തസ്രാവം ഉണ്ടാവുകയും വണ്ടാനം മെഡിക്കല്‍ കോളേജില്‍ യുവതിയെ എത്തിച്ച് സ്‌കാനിങ് നടത്തുകയും ചെയ്തു.
പിന്നീട് കൃത്യമായ വിവരങ്ങൾ അധികൃതര്‍ വ്യക്തമാക്കാൻ തയ്യാറാകാതെ ഒരു ശസ്ത്രക്രിയ കൂടി വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ ശാസ്ത്രക്രിയയിലാണ് യുവതിയുടെ വയറ്റിൽ നിന്നും പഞ്ഞിയും തുണിയും അടക്കമുള്ള മെഡിക്കൽ വേസ്റ്റ് നീക്കം ചെയ്തത്.
രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം വയറ്റിൽ നിന്നും പഞ്ഞിയും മറ്റും നീക്കം ചെയ്‌തെങ്കിലും ഇപ്പോഴും ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് യുവതി പറഞ്ഞു. സംഭവത്തിൽ ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നടപടി ആവശ്യപ്പെട്ടുകൊണ്ട് യുവതിയുടെ മാതാവ് ആരോഗ്യമന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ട്.