ചലച്ചിത്ര മേഖലയിലെ പീഡനം; പോലീസിന് ഇതുവരെ ലഭിച്ചത് 18 പരാതികള്‍

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ചലച്ചിത്ര മേഖലയിലെ പീഡന കഥകള്‍ ഓരോന്നായി ചുരുളഴിയുകയാണ്. നിരവധി നടന്മാർക്കെതിരെയാണ് പരാതികൾ ഉയർന്നത്. ഇതുവരെ 18 പരാതികളാണ് ഡിജിപിക്കും വിവിധ സ്റ്റേഷനുകളിലും പ്രത്യേക അന്വേഷണസംഘത്തിന് മുമ്പാകെയും ലഭിച്ചിരിക്കുന്നത്

പോലീസില്‍ ആദ്യം പരാതിപ്പെട്ടത് സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടിയായിരുന്നു. പിന്നാലെ നടന്‍ മുകേഷിനെതിരെ ജൂനിയര്‍ നടി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇവര്‍ തന്നെ നടന്‍ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെ ഇ മെയില്‍ വഴി പരാതി കൈമാറി. നടന്‍ ബാബുരാജ്, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരെ ആരോപണമുന്നയിച്ച ജൂനിയര്‍ നടിയും അന്വേഷണസംഘത്തിന് ഇ-മെയില്‍ വഴി പരാതി കൈമാറിയിട്ടുണ്ട്. നടന്‍ സിദ്ധിഖിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടി ഇന്നലെ വൈകിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്

യുവനടി നൽകിയ പരാതിയിൽ നടൻ സിദ്ധിഖിനെതിരെ ബലാത്സംഗക്കുറ്റത്തിനാണ് കേസെടുത്തത്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി നടി പരാതി നൽകിയത്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ കൈമാറും. തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ചുവെന്ന പേരിൽ സിദ്ധിഖും DGPക്ക് പരാതി നൽകിയിട്ടുണ്ട്. അജണ്ടയുടെ ഭാഗമായി പ്രത്യേക ലക്ഷ്യങ്ങളോടെയാണ് ആരോപണം. ഇതിൽ അന്വേഷണം നടത്തണണമെന്നാണ് സിദ്ധിഖിന്‍റെ ആവശ്യം. യുവനടി ഉയർത്തിയ ആരോപണത്തിനു പിന്നാലെ സിനിമ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവെച്ചിരുന്നു

വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ പരാതികളും അന്വേഷിക്കുന്നത് പ്രത്യേക അന്വേഷണ സംഘമാണ്. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘം ഇന്നലെ പോലീസ് ആസ്ഥാനത്ത് യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ പരാതികളില്‍ തുടരന്വേഷണത്തിന് രൂപം നല്‍കുകയും എല്ലാ കേസുകളും മുതിര്‍ന്ന വനിതാ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കാനും തീരുമാനിച്ചിരുന്നു. ഇതിനായി അന്വേഷണ സംഘത്തില്‍ കൂടുതല്‍ വനിതാ ഓഫിസര്‍മാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്