മീരാ ജാസ്മിനെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് 23കാരിയാക്കി ഈ സിനിമ

സാങ്കേതിക വിദ്യയുടെ വികസിത രൂപമായ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചു കൊണ്ടുള്ള പുതിയ കണ്ടുപിടുത്തങ്ങള്‍ പലതും നാം കേട്ടിട്ടും കണ്ടിട്ടുമുണ്ട്. അത്തരത്തിലുള്ള ഒരു കണ്ടുപിടിത്തം ഇതാ സിനിമയിലും വന്നിരിക്കുകയാണ്. വി.കെ പ്രകാശ് സംവിധാനം ചെയ്ത് മീരാജാസ്മിന്‍ നായികയാവുന്ന ‘പാലും പഴവും’ എന്ന സിനിമയിലെ മീര അഭിനയിക്കുന്ന 23കാരിയുടെ രംഗങ്ങളാണ് എ ഐ ഉപയോഗിച്ച് ചെയ്തിട്ടുള്ളത്. സുമി എന്ന കഥാപാത്രത്തെയാണ് മീര ജാസ്മിൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.

തൻറെ സിനിമാ ജീവിതത്തിലെ അപൂർവ്വമായൊരു അനുഭവമാണ് ഈ സിനിമയിലെ എ ഐ കഥാപാത്രമെന്ന് മീരാജാസ്മിന്‍ പറഞ്ഞു. കഥാപാത്രത്തിന് പാളിച്ചയില്ലാതെ എ.ഐ. കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നത് അത്ര എളുപ്പമായിരുന്നില്ല. അതിനാൽ ഷൂട്ടിങ് സമയത്ത് ശരീരഭാഷയില്‍ പ്രായക്കുറവ് ഫീല്‍ ചെയ്യണമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഡബ്ബിങ്ങില്‍ പ്രായക്കുറവുള്ള ഒരാളായിട്ടാണ് ശബ്ദം നല്‍കിയതെന്നും മീരാ ജാസ്മിൻ പറഞ്ഞു.

മീരയുടെ 23 വയസ്സിലുള്ള ഫോട്ടോകളും വീഡിയോകളും ശേഖരിച്ചതിനു ശേഷം അതില്‍ റീ ക്രിയേഷന്‍ നടത്തിയാണ് എ.ഐ. കഥാപാത്രമാക്കിയെടുത്തത്.രാജസ്ഥാനില്‍ നിന്നുള്ള എ.ഐ. വിദഗ്ധന്‍ ദിവ്യേന്ദ്ര സിങ് ജാദൂനും വി.എഫ്.എക്‌സ്. വിദഗ്ധന്‍ ഭൗതിക് ബലാറും ചേര്‍ന്നാണ് എ.ഐയിലൂടെ സിനിമയിലെ സുമിയെ സൃഷ്ടിച്ചെടുത്തത്. സംവിധായകനായ വി.കെ. പ്രകാശിന്റെ ആശയമായിരുന്നു എ.ഐ. കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നത്. മീരയെ വെച്ച് സാധാരണ പോലെ ഷൂട്ടിങ് ചെയ്തു. പിന്നീട് ഷൂട്ട് ചെയ്ത ഫൂട്ടേജ് കംപ്യൂട്ടറിലിട്ട് എ ഐ പ്രൊസസിങ്ങിലൂടെ കഥാപാത്രത്തെ മാറ്റിയെടുക്കുകയായിരുന്നു.